പഴശി ജലാശയത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മാലിന്യം; വെള്ളം മലിനമാകുന്നു
1483044
Friday, November 29, 2024 7:22 AM IST
ഇരിട്ടി: ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശി റിസർവോയറിന്റെ ഇരിട്ടി ടൗണിനോട് ചേർന്ന വൃഷ്ടിപ്രദേശത്ത് മലിന്യം കെട്ടിക്കിടന്ന് വെള്ളം മലിനമാകുന്നു. പഴശി റിസർവോയറിന്റെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിച്ചു തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞിരുന്നു.
ഇരിട്ടി ടൗണിനോട് ചേർന്ന് കിടക്കുന്ന ബ്ലോക്ക് ഓഫിസ് കെട്ടിടത്തിന്റെ പിൻഭാഗത്തും ടേക്ക് എ ബ്രേക്കിന്റെ പിൻഭാഗത്തുമെല്ലാം മാലിന്യം കെട്ടിക്കിടന്ന് വെള്ളം മലിനം ആയിരിക്കുകയാണ്.
കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതായി ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. മാലിന്യം കലർന്ന് മഞ്ഞനിറമായ വെള്ളത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
കാടും ചെളിയും നിറഞ്ഞ ചതുപ്പ് പ്രദേശത്ത് പഴശിയിൽ നിന്നുള്ള വെള്ളംകൂടി നിറഞ്ഞതോടെ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുക ദുർഘടമായിരിക്കുകയാണ്. എങ്കിലും അധികൃതർ ഇടപെട്ട് ഇവിടം ശുചീകരിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ പടരുന്നതിനുള്ള സാധ്യത കൂടുതലാണ്.