കെഎസ്പിഎ പ്രതിഷേധ മാർച്ച് നടത്തി
1483035
Friday, November 29, 2024 7:22 AM IST
നടുവിൽ: സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കാറ്റിൽ പറത്തി സാക്ഷരത പ്രേരക്മാരുടെ പുനർവിന്ന്യാസം അട്ടിമറിക്കുന്ന നടുവിൽ പഞ്ചായത്ത് ഓഫീസിലേക്ക് കെഎസ്പിഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കെഎസ്പിഎ സംസ്ഥാന സെക്രട്ടറി എ.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ഇന്ദിര അധ്യക്ഷത വഹിച്ചു.
സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിബന്ധപ്പെട്ട മാലിന്യ നിര്‍മാര്‍ജ്ജനം, ലഹരി മുക്ത പ്രവര്‍ത്തനം, ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, പഠനം മുടങ്ങിയ വിദ്യാർഥികളുടെ തുടര്‍ പഠനം എന്നിവയില്‍ വിന്യസിപ്പിക്കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിനെ ചുവട് പിടിച്ച് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍ പറത്തി 24 വര്‍ഷമായി നടുവില്‍ പഞ്ചായത്തില്‍ സാക്ഷരതാ പ്രേരക് ആയി സേവനം അനുഷ്ടിക്കുന്ന നടുവില്‍ സ്വദേശിനി കെ. പുഷ്പലതയെ (59) കരുവഞ്ചാലിലുള്ള മാലിന്യസംഭരണ കേന്ദ്രത്തില്‍ ചുമതല നല്‍കുകയും മാലിന്യ കൂമ്പാരത്തോടപ്പം രാവിലെ മുതല്‍ വൈകുന്നേരം വരെ നില്ക്കാന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സദുദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യക്തി വിരോധത്തിനായി ദുര്യോപകം ചെയ്തത്.
നടുവില്‍ ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സാജു ജോസഫ്, റിഷികേശ് ബാബു, കെഎസ്പിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സി. രാജീവന്, കോണ്‍ഗ്രസ് നേതാവ് പി.പി. രാഘവന് എന്നിവർ പ്രസംഗിച്ചു.