മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം ഓർമയായി
1459122
Saturday, October 5, 2024 7:22 AM IST
മട്ടന്നൂർ: ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിർമിച്ച ചരിത്രമുള്ള മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം ഓർമയായി. ഓടുമേഞ്ഞ കെട്ടിടം പൊളിച്ചു നീക്കിത്തുടങ്ങി. പോലീസ് സ്റ്റേഷൻ കെട്ടിടത്തിനൊപ്പം അനുബന്ധമായ മറ്റു രണ്ടു കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നുണ്ട്. "മട്ടന്നൂർ കലാപം' എന്ന പേരിലറിയപ്പെടുന്ന 1852 ലെ സംഭവത്തോടനുബന്ധിച്ചാണ് മട്ടന്നൂർ പോലീസ് സ്റ്റേഷൻ നിലവിൽ വരുന്നതെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്.
കലാപക്കാരെ അമർച്ച ചെയ്യുന്നതിനായി ഔട്ട്പോസ്റ്റ് എന്ന നിലയിലാണ് ബ്രിട്ടീഷ് സർക്കാർ മട്ടന്നൂരിൽ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. 1940 സെപ്റ്റംബർ 15ന് കെപിസിസി ആഹ്വാന പ്രകാരം നടന്ന ദേശീയ പ്രതിഷേധ ദിനവും മട്ടന്നൂർ സ്റ്റേഷന്റെ ചരിത്രത്തിൽ പ്രധാനമാണ്.
ആദ്യകാലത്ത് സ്വാതന്ത്ര്യസമര-കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രമായി പ്രവർത്തിച്ച മട്ടന്നൂർ സ്റ്റേഷൻ പിന്നീട് ജനമൈത്രി പോലീസടക്കമുള്ള സംവിധാനങ്ങളിലൂടെ ജനങ്ങൾക്കൊപ്പമായി. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഉൾപ്പടെയുള്ളവർ സ്റ്റേഷന്റെ ചരിത്രം തയാറാക്കിയിട്ടുണ്ട്.
ജില്ലയിൽ ഏറ്റവും വലിയ പ്രവർത്തന പരിധിയുള്ള പോലീസ് സ്റ്റേഷനുകളിലൊന്നാണ് മട്ടന്നൂർ. 1988 ലാണ് നിലവിൽ എസ്ഐയുടെ ഓഫീസും ലോക്കപ്പും സന്ദർശക മുറിയുമെല്ലാമുള്ള കെട്ടിടം നിർമിച്ചത്. എസ്എച്ച്ഒയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലാണ്. 2022 മാർച്ചിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
നിലവിൽ കാന്റീനും വിശ്രമ കേന്ദ്രവുമായി ഉപയോഗിക്കുന്ന ഓടുമേഞ്ഞ പഴയ കെട്ടിടമാണ് പോലീസ് സ്റ്റേഷനുവേണ്ടി ആദ്യം നിർമിച്ചിരുന്നത്. ഇപ്പോൾ ഓടുകളും മറ്റും തകർന്ന് കെട്ടിടം ശോച്യാവസ്ഥയിലാണ്. നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ കെട്ടിടമാണ് ഓർമയാകുന്നത്. ഇന്നലെയാണു കെട്ടിടം പൊളിച്ചുനീക്കി തുടങ്ങിയത്.