ചെമ്പന്തൊട്ടി: നായനാർമലയിൽ പ്രദേശവാസികളായ നൂറു കണക്കിന് കുടുംബങ്ങൾക്ക് വൻ അപകട ഭീഷണിയായ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടനടി നിർത്തലാക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്വാറി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ എട്ടു മുതൽ ചെമ്പന്തൊട്ടി ടൗണിൽ നടത്തുന്ന ഏകദിന ഉപവാസ സമരം വിജയിപ്പിക്കുമെന്ന് കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘ്. ക്വാറിയുടെ പ്രവർത്തനം പൂർണമായും നിരോധിക്കും വരെ സമര രംഗത്ത് സജീവമാകാനും യോഗം തീരുമാനിച്ചു.
സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ചേർന്ന യോഗം ഇൻഫാം സംസ്ഥാന വൈസ് ചെയർമാൻ സ്കറിയ നെല്ലംകുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. റബർ കർഷക സംഘം ദേശീയ ഫെഡറേഷൻ വൈസ് ചെയർമാൻ പി.കെ.കുര്യാക്കോസ്, ഷിനോ പാറയ്ക്കൽ, ജോസഫ് വടക്കേക്കര, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ടോമി തോമസ്, ബിനോയ് പുത്തൻനടയിൽ, ദേവസ്യ ഐന്തിക്കൽ, ജോയി മലമേൽ, അമൽ പുളിയ്ക്കൽ, വർഗീസ് വൈദ്യർ, ജോയി ഉളിക്കൽ, വത്സമ്മ ദേവസ്യ എന്നിവർ പ്രസംഗിച്ചു.