മാവോയിസ്റ്റ് സി.പി. മൊയ്തീനെ തെളിവെടുപ്പിന് എത്തിച്ചു
1442625
Wednesday, August 7, 2024 1:56 AM IST
കേളകം: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ മലയോര മേഖലയിലെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഭീകരവിരുദ്ധ സേനയും ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് മൊയ്തീനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അമ്പായത്തോട് ടൗണ്‍, പാല്‍ചുരം, കേളകം, രാമച്ചി എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ ഉച്ചയോടെയാണ് മൊയ്തീനുമായി ഉദ്യോഗസ്ഥര്‍ അമ്പായത്തോട് എത്തിയത്. മൊയ്തീനെ വാഹനത്തില്‍നിന്നു പുറത്തിറക്കാതെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് പാല്‍ചുരം കോളനിയിലും രാമച്ചി കോളനിയിലും കേളകത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊയ്തീനെ മാരാരിക്കുളത്ത് വച്ച ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സാക്ഷികളെ പോലീസ് വാഹനത്തിലേക്ക് എത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. സാക്ഷികൾ മൊയ്തീനെ തിരിച്ചറിയുകയും കാര്യങ്ങൾ വിവരിക്കുകയും ചെയ്തു. കേളകം പഞ്ചായത്തംഗം സജീവൻ പാലുമ്മിയെ മാവോവാദികൾ മർദിച്ച സമയത്തും സി.പി. മൊയ്തീൻ കൂടെയുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതിനായാണ് രാമച്ചി കോളനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ എടപ്പുഴ,വാളത്തോട് എന്നിവിടങ്ങളിൽ സാക്ഷിമൊഴി രേഖപ്പെടുത്തി. സാക്ഷികളെ മൊയ്തീൻ ഉൾപ്പെട്ട സംഘത്തിന്റെ ഫോട്ടോ കാണിച്ച് തിരിച്ചറിയൽ നടത്തി.അടുത്ത ദിവസം മൊയ്തീനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇരിട്ടി തഹസിൽദാർ ബി.എസ്. ലാലിമോളാണ് തിരിച്ചറിയൽ പരേഡ് നടത്തി സാക്ഷി മൊഴി രേഖപ്പെടുത്തിയത്.