റോഡിലെ വളവിൽ അപകടം പതിവായി
1442375
Tuesday, August 6, 2024 1:44 AM IST
പയ്യാവൂർ: ശ്രീകണ്ഠപുരത്തേക്കുള്ള റോഡിൽ പയ്യാവൂർ ഗവ. യുപി സ്കൂളിനു സമീപത്തെ വളവിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിലെ ഇറക്കത്തിലുള്ള വളവിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് സൈഡ് കൊടുക്കേണ്ടി വരുമ്പോഴാണു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
നിത്യവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പൊതുമരാമത്ത് റോഡിലെ വളവിലുള്ള വീതി കുറഞ്ഞ കലുങ്ക് പാലത്തിനു സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് മുഖ്യ കാരണം. കലുങ്കിന്റെ വശത്തുള്ള ഒവുചാലിലേക്ക് വാഹനങ്ങൾ പതിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്.
അടുത്ത ദിവസങ്ങളിൽ രണ്ട് ഓട്ടോറിക്ഷകളും ഒരു ലോറിയും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. സമീപത്തെ സ്കൂളിലേക്കു കാൽനടയായെത്തുന്ന വിദ്യാർഥികളുടെ സുരക്ഷിതത്വത്തിനും ഈ അപകടാവസ്ഥ വലിയ ഭീഷണിയാണ്. കലുങ്കിന് പാർശ്വഭിത്തി നിർമിക്കുന്നതിനൊപ്പം റോഡിലെ വളവിൽ കോൺവെക്സ് മിറർ, താഴ്ചയുള്ള ഭാഗത്ത് സംരക്ഷണ വേലി എന്നിവ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളും വാഹന ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.