മതസാഹോദര്യം ക്രൈസ്തവ മൂല്യം: മാർ ജോസഫ് പാംപ്ലാനി
1416483
Sunday, April 14, 2024 7:44 AM IST
ചെമ്പേരി: മതസാഹോദര്യം കൈസ്തവ മൂല്യമാണെന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. അതിരൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. ചില പ്രസ്ഥാനങ്ങൾ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്തു അവരുടെ താത്പര്യങ്ങൾക്കനുസരിച്ചു വ്യാഖ്യാനിക്കുമ്പോൾ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതര മതവിഭാഗങ്ങളുമായി സാഹോദര്യവും സൗഹൃദവും പുലർത്തിക്കൊണ്ടു വേണം സാമുദായിക ശാക്തീകരണം ഉറപ്പാക്കേണ്ടത്.
ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണു ക്രൈസ്തവ സഭ കാണുന്നത്. എല്ലാവരുടെയും രക്ഷയാണ് ദൈവഹിതം. എല്ലാവരും ഈശോയുടെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ്. ഇതര മതവിഭാഗങ്ങളുമായി സംഘർഷം ഉണ്ടാക്കുന്ന വിധം പെരുമാറുകയെന്നതു സഭയുടെ അടിസ്ഥാന പ്രമാണങ്ങൾ തകർക്കാൻ ശ്രമിക്കുക കൂടിയാണെന്നു തിരിച്ചറിയണം.
മാനവികതയുടെ സുവിശേഷമാണു സഭ വിഭാവനം ചെയ്യുന്നതെന്നും തലശേരി അതിരൂപതയുടെ മഹത്വം മതസാഹോദര്യമാണെന്നും അതിനാൽ മറിച്ചുള്ള ഒരു പ്രചാരണത്തിനും വിശ്വാസികൾ നിന്നുകൊടുക്കരുതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ വാർധക്യം സുരക്ഷിതവും സന്തോഷപ്രദവുമാക്കാൻ ലക്ഷ്യമിട്ടു സീനിയർ സിറ്റിസൺ വില്ലേജ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ കുന്നോത്തും കണ്ണൂരും ആണു ഇത്തരം വില്ലേജുകൾ സ്ഥാപിക്കുക. തലശേരി അതിരൂപതയെ സമ്പൂർണ വിശപ്പുരഹിതമാക്കാൻ ലക്ഷ്യമിട്ടു സീറോ പോവർട്ടി പദ്ധതിയും നടപ്പാക്കും. അതിരൂപതയിലെ ജീവകാരുണ്യ മനസുള്ള കുടുംബങ്ങളുടെ സഹകരണത്തോടെയായിരിക്കും ഇതിന്റെ നിർവഹണം.
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി ശക്തമായ സമര-നിയമപോരാട്ടങ്ങൾ നടത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്തും. യുവാക്കളെ ഉൾപ്പെടെ കാർഷിക മേഖലയിലെ സംരംഭകരാക്കാൻ ബോധവത്ക്കരണം നടത്തും. ഇടവകകൾ കേന്ദ്രീകരിച്ചു ഹെൽപ് ഡെസ്ക്കുകൾ തുടങ്ങും. അതിരൂപതാതലത്തിൽ കെസിവൈഎം നേതൃത്വത്തിൽ രക്തദാനസേന രൂപീകരിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എം.ജെ. മാത്യു. കർഷകശ്രീ അവാർഡ് ജേതാവ് അനീഷ് താബോർ, സംസ്ഥാനത്തെ മികച്ച കോർപറേറ്റ് എജൻസിയായ തെരഞ്ഞെടുക്കപ്പെട്ടതിൽ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, മാനവശ്രേഷ്ഠാ പുരസ്കാരം നേടിയ ടിഎസ്എസ്എസിനു വേണ്ടി ഫാ. സ്കറിയ നിരപ്പേൽ, ഓട്ടോണമസ് പദവി ലഭിച്ച വിമൽജ്യോതി എൻജിനിയറിംഗ് കോളജിനുവേണ്ടി മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട്, സിഎംഎൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സൺ പുളിച്ചുമാക്കൽ എന്നിവരെ ആദരിച്ചു.
വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾക്ക് വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റം, കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ ഡോ. ജോബി കെ.ജോസ്, അഡ്വ. ബിനോയി ഓമത്തടം, അനു ജോസഫ് എന്നിവർ നേതൃത്വം നൽകി. അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.