ചായ നല്‍കിയില്ല; ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ
1374460
Wednesday, November 29, 2023 7:56 AM IST
പയ്യന്നൂര്‍: ഭാര്യയെ മര്‍ദിച്ചും കത്തികൊണ്ട് കുത്തിയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ. ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴിമല ടോപ് റോഡ് കിണര്മുക്കിന് സമീപത്തെ നരിക്കുന്നേല്‍ തങ്കമണി(45)യുടെ പരാതിയിലാണ് ഭര്‍ത്താവ് ലാലുവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പരാതിക്കാരിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പിച്ചാത്തികൊണ്ട് പുറത്തു കുത്തുകയും മരവടികൊണ്ട് തലയ്ക്കും പുറത്തും അടിക്കുകയും കത്തികൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നുവെന്നാണ് തങ്കമണിയുടെ പരാതി. അനീനയെന്ന ഇവരുടെ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഓടി രക്ഷപ്പെട്ട അനീനയിൽനിന്നും വിവരമറിഞ്ഞവരാണ് തങ്കമണിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തങ്കമണിയില്‍നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ക്ഷീണം കാരണം ചായയുണ്ടാക്കി കൊടുക്കാന്‍ വിസമ്മതിച്ചതാണ് ഭര്‍ത്താവ് പ്രകോപിതനാകാന് കാരണമെന്നാണ് മൊഴിയില്‍ പറയുന്നത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂന്നുവര്‍ഷത്തോളമായി ഇവിടെ വാടകക്ക് താമസിക്കുകയാണ് മൂന്നു മക്കളടങ്ങുന്ന ഇവരുടെ കുടുംബം.