ലോട്ടറി മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ: സർക്കാരിന് റിപ്പോർട്ട് നൽകും: വനിതാ കമ്മീഷൻ
1374455
Wednesday, November 29, 2023 7:56 AM IST
കണ്ണൂർ: ലോട്ടറി വിൽക്കുന്ന വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.
സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേമ പദ്ധതികൾ, ക്ഷേമനിധി അംഗത്വം, ആനുകൂല്യങ്ങൾ തുടങ്ങിയ വ സംബന്ധിച്ച് ലോട്ടറി തൊഴിലാളികൾക്ക് ബോധവത്കരണം നൽകണമെന്ന് വനിതാ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും. ഖജനാവിലേക്ക് ഏറ്റവും വരുമാനം സ്വരൂപിച്ചു നൽകുന്ന ലോട്ടറി തൊഴിലാളികൾ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
ലോട്ടറി വിൽപന ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിലേക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യുന്നതിന് നിരവധി വനിതകളാണ് കടന്നു വരുന്നത്. വിവിധ തൊഴിൽ മേഖലകളിലേക്ക് കടന്നുവരുന്ന വനിതകളെ പൊതുസമൂഹം പിന്തുണയ്ക്കണം. പത്തിൽ കുറവ് തൊഴിലാളികൾ ഉള്ള അസംഘടിതരായവർക്ക് പരാതികൾ ജില്ലാ കളക്ടർക്ക് നൽകാമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മിഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷൻ അംഗങ്ങളായ പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, ജൻഡർ റിസോഴ്സ് പേഴ്സൺ ടി.കെ. അനന്ദി, കണ്ണൂർ വെൽഫെയർ ഓഫീസർ ടി. പ്രദീപൻ, ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ലോട്ടറി തൊഴിലാളി യൂണിയൻ എഐടിയുസി കണ്ണൂർ ജില്ലാ സെക്രട്ടറി ടി. നാരായണൻ, ലോട്ടറി തൊഴിലാളി യൂണിയൻ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി സെക്രട്ടറി പി.വി. സജേഷ്, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ പ്രസംഗിച്ചു.