മാടത്തിലെ കവർച്ച പ്രതി അറസ്റ്റിൽ
1374042
Tuesday, November 28, 2023 1:14 AM IST
ഇരിട്ടി: മാടത്തിൽ മീൻ മാർക്കറ്റിലെ കട കുത്തിത്തുറന്ന് 50,000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ. പേരാവൂർ സ്വദേശി കൂരക്കനാൽ മത്തായി (65) യെയാണ് ഇരിട്ടി പോലീസ് അറ്റസ്റ്റു ചെയ്തത്. സിസിടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അന്നുതന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ ഏറെ ശ്രമകരമായ അന്വേഷണത്തിന് ഒടുവിലാണ് ഇരിട്ടി ജബ്ബാർ കടവിൽ നിന്നും പോലീസ് പിടികൂടുന്നത്.
മോഷണത്തിന് ശേഷം മൂകാംബികയിലേക്ക് കടന്നുകളഞ്ഞ പ്രതി മോഷ്ടിച്ച പണം തീർന്ന ശേഷം തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്. ജില്ലയിലെ 15 കളവുകേസിൽ പ്രതിയാണ് അറസ്റ്റിലായ മത്തായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി എസ്എച്ചഒ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ റെജി സ്കറിയ, എൻ. വിപിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോജു സെബാസ്റ്റ്യൻ, ഷിജോയ്, ബിനിൽ എന്നിവരും ഉണ്ടായിരുന്നു.