കണ്ണൂർ സർവകലാശാലയിൽ മണിപ്പുർ വിദ്യാർഥികളുടെ ആദ്യബാച്ച് എത്തി
1336968
Wednesday, September 20, 2023 7:25 AM IST
കണ്ണൂർ: വംശീയ കലാപത്തിന്റെ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മണിപ്പൂരിലെ കുക്കി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയിലെത്തി. ഇന്നലെ രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർഥികൾക്ക് സിൻഡി ക്കേറ്റംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, ഡോ. രാഖി രാഘവൻ, വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി.പി. നഫീസ ബേബി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കലാപത്തിന്റെ സാഹചര്യത്തിൽ മണിപ്പൂരിലെ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ അടിയന്തര സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. മണിപ്പൂ രിലെ വിദ്യാർഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. വിവിധ വിഷയങ്ങളി ലായി മണിപ്പൂരിൽ നിന്നുള്ള 13 വിദ്യാർഥികളാണ് ആദ്യദിവസം സർവകലാശാലയിൽ എത്തിയത്. വിവിധ പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളാണ് ഇവരിൽ ഭൂരിഭാഗം പേരും.
വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികൾ സർവകലാശാലയിലേക്ക് എത്തും. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും പഠനം തുടരാനാവശ്യമായ സൗകര്യങ്ങൾ സർവകലാശാല ഒരുക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ആവശ്യമായ താമസസൗകര്യവും സാമ്പത്തിക സഹായവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കുമെന്നും സർവകലാശാല അറിയിച്ചു.
പത്രസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റംഗം പ്രമോദ് വെള്ളച്ചാൽ, രജിസ്ട്രാർ ജോബി കെ. ജോസ് എന്നിവർ പങ്കെടുത്തു.