ആലക്കോട്: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശ ദർശന്റേയും വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സെല്ലിന്റേയും സംയുക്താഭിമുഖ്യത്തിൽ കരിയർ എക്സ്പോയും മെറിറ്റ് അവാർഡ് വിതരണവും (വിംഗ്സ് 23) 10,11 തീയതികളിലായി നടക്കും. വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സിനിമ നടൻ ധ്യാൻ ശ്രീനിവാസ് മുഖ്യാതിഥിയാകും.
പത്തിന് രാവിലെ കരിയർ ഗൈഡൻസ് ക്ലാസുകൾ നടക്കും. 10,12 ക്ലാസുകളിൽ പഠിക്കുന്ന സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് പ്രത്യേകം ക്ലാസുകൾ ഉണ്ടാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 80 വിദ്യാർഥികൾക്ക് രണ്ടുദിവസങ്ങളിലായി സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കെ-ഡാറ്റ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാം.
പത്തിന് ഉച്ചയ്ക്ക് ശേഷം എച്ച്സിഎൽ ടെക് ഐടി കമ്പനിയുടെ സെലക്ഷൻ ഡ്രൈവും നടക്കും. കരിയർ എക്സ്പോയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രത്യേക സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. 11ന് രാവിലെ 10,12 പാസായ വിദ്യാർഥികൾക്ക് അവരുടെ കരിയർ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്ന പ്ലാനിംഗ് ക്ലാസും നടക്കും. ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് രണ്ട് ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുക.
11ന് ഉച്ചയ്ക്ക് ശേഷം ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും 10,12 ക്ലാസുകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാർഥികളെയും, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരേയും അനുമോദിക്കുന്ന ദിശദർശൻ അവാർഡ് വിതരണം നടക്കും.
കേരളത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ കരിയർ എക്സ്പോയുടെ ഭാഗമായി രണ്ടു ദിവസവും പ്രവർത്തിക്കും. നിയോജകമണ്ഡലത്തിലെ 60 സ്കൂളുകളിൽ നിന്ന് 1500ലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ബേബി ഓടമ്പള്ളി, റവ. ഡോ. തോമസ് തെങ്ങുംപള്ളിയിൽ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, പ്രിൻസിപ്പൽ ബിജു ജോസഫ്, മുഖ്യാധ്യാപിക കെ.സി. സോഫിയ, പ്രകാശൻ പുത്തെറ്റ് എന്നിവരും പങ്കെടുത്തു.