പുലിക്കുരുമ്പ: രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപിയുടെ അമ്മ കഴിഞ്ഞദിവസം അന്തരിച്ച ആലിലക്കുഴിയിൽ അന്നമ്മയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് 12.45ന് മട്ടന്നൂരിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി 1.45ന് പുലിക്കുരുമ്പയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിക്കുകയും അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. മറ്റു മക്കളായ സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി, ലിസി, ജോസ്, ജൈസമ്മ, ജോണി, മിനി, ഷീബ, ധന്യ എന്നിവരെ മുഖ്യമന്ത്രി കണ്ടു. പുലിക്കുരുമ്പ ഇടവക വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, മുൻ വികാരി ഫാ. നോബിൾ ഓണംകുളം, സിപിഎം നേതാക്കളായ സാജു ജോസഫ്, എം. കരുണാകരൻ, എം. ബാബുരാജ്, സാജൻ ജോസഫ് തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.