കണ്ണൂർ: കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ തൊട്ടടുത്ത രണ്ടു സ്റ്റേഡിയങ്ങൾ സംയോജിപ്പിച്ച് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് മികച്ച സ്റ്റേഡിയം ഒരുക്കുമെന്ന് കെ. സുധാകരൻ എംപി. ഈ പദ്ധതി സംബന്ധിച്ച് നാളെ ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി. കായിക മത്സരങ്ങൾക്ക് ചെസ് മത്സരത്തോടെ തുടക്കമായി. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചെസ് മത്സരം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, അംഗങ്ങളായ എ. മുഹമ്മദ് അഫ്സൽ, എൻ.പി. ശ്രീധരൻ, ഇ. വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, ഷിനിത്ത് പാട്യം, കെ. പ്രസീത, സരിൻ ശശി, റ്റൈനി സൂസൻ ജോൺ എന്നിവർ പ്രസംഗിച്ചു.
ആറിന് പേരാവൂർ തൊണ്ടി യിൽ എച്ച് എസ് ഗ്രൗണ്ടിൽ ആർച്ചറി, കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ പഞ്ചഗുസ്തി, ഏഴ്, എട്ട് തീയതികളിൽ തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, എട്ടിന് കണ്ണൂർ ജിവിഎച്ച്എസ്എസിൽ ബാസ്ക്കറ്റ്ബോൾ, ഇരിണാവ് മിനി സ്റ്റേഡിയത്തിൽ വടംവലി, എട്ട്, ഒൻപത് തീയതികളിൽ മാടായി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ, കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ, ഒൻപത്, 10 തീയതികളിൽ പിണറായിയിൽ നീന്തൽ, കളരി, 10 ന് മാങ്ങാട്ടുപറമ്പ് സർവകലാശാല കാന്പസിൽ അത്ലറ്റിക്സ്, കതിരൂരിൽ കബഡി, 11 ന് പാണപ്പുഴ പഞ്ചായത്ത് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ എന്നിവ നടക്കും.