ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നിയുക്ത എംഎല്‍എ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍, ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവർ പങ്കെടുത്തു.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വാക്സിനേഷനും രോഗനിര്‍ണയ പരിശോധനകൾക്കും ക്യാമ്പുകള്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കാനും രോഗികള്‍ക്കും ടെസ്റ്റ് ചെയ്യേണ്ടി വരുന്നവര്‍ക്കുമായി വാഹന സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പാടാക്കുവാനും തീരുമാനിച്ചു. ആദിവാസി കോളനികളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐടിഡിപിയുമായും ജില്ലാ ഭരണകൂടവുമായും ചേര്‍ന്ന് ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും.
വാര്‍ഡ് ജാഗ്രത സമിതികള്‍ കാര്യക്ഷമമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് എംഎല്‍എ വികസന ഫണ്ടില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിക്കുവാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ എഫ്എല്‍ടിസി സൗകര്യം ഉറപ്പുവരുത്തുക, ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുക, പഞ്ചായത്ത് അടിസ്ഥാനത്തില്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കുക, 24 മണിക്കൂർ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക തുട
ങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് ആവശ്യപ്പെട്ടു. ആദിവാസി മേഖലകളിലുള്‍പ്പെടെ രോഗികളെ കണ്ടെത്തി ചികിത്സയും നിരീക്ഷണവും ഉറപ്പുവരുത്തുന്നതിന് ക്യാമ്പുകള്‍ വഴി പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കൂടുതല്‍ ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന് അറിയിച്ചു. പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ ഓക്സിജന്‍ ജനറേറ്റര്‍ അനുവദിക്കണമെന്നും ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കണമെന്നും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും ആവശ്യപ്പെട്ടു.
വാര്‍ഡ് സമിതി മുഖേന മാത്രമേ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുകയുള്ളൂ. നേരിട്ട് വരുന്ന രോഗികളെയും ലക്ഷണമുള്ളവരേയും ചികിത്സിക്കാന്‍ സൗകര്യമില്ലാത്ത സാഹചര്യമുണ്ട്. വാര്‍ഡിലെ ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ സൗകര്യം ഉറപ്പു വരുത്തണം. ആദിവാസി മേഖലയിലെ രോഗികളെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കും. നിലവില്‍ 48,000 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ. രവീന്ദ്രന് പറഞ്ഞു.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായി ഒരു 108 ആംബുലന്‍സ് ആവശ്യമാണെന്നും ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് അല്ലെങ്കില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. വാര്‍ഡ് സമിതി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, പേരാവൂര്‍ ഡിവൈഎസ്പി ടി.പി. ജേക്കബ് എന്നിവര്‍ ആവശ്യപ്പെട്ടു. ആദിവാസി മേഖലയിലെ രോഗികളെ പൂര്‍ണമായും സിഎഫ്എല്‍ടിസി ക്യാമ്പിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത , ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, പഞ്ചായത്ത് പ്രസിഡന്റുമാരായ റോയി നമ്പുടാകം,പി.പി.വേണുഗോപാല്‍, കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, അയ്യങ്കുന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ബെന്നി,താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജോസഫ്, ലേബര്‍ ഓഫീസര്‍ കെ. മനോജ്, ഇരിട്ടി മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. കുഞ്ഞിരാമന് തുടങ്ങിയവര്‍ സംസാരിച്ചു.