കല്‍പ്പറ്റ: പട്ടികവര്‍ഗ പുനരധിവാസ വികസന മിഷനെ (ടിആര്‍ഡിഎം) ശാക്തീകരിച്ച് പ്രകൃതിദുരന്തബാധിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു ചുമതലപ്പെടുത്തണമെന്നു ആദിവാസി ഗോത്രമഹാമസഭ, കേരള ആദിവാസി ഫോറം എന്നിവയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ നേരിടേണ്ടിവന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു പ്രത്യേക സംവിധാനം ആവശ്യമാണ്. പുനരധിവാസച്ചുമതല ടിആര്ഡിഎമ്മിനെ ഏല്‍പ്പിക്കുകയാണ് ഉത്തമം. 2001ലെ ആദിവാസി സമരത്തെത്തുടര്‍ന്നു ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനു എ.കെ. ആനന്റണി സര്‍ക്കാര്‍ രൂപം നല്‍കിയതാണ് ടിആര്‍ഡിഎം.
വയനാട്ടിലും ആറളത്തും നിരവധി ആദിവാസി കുടുംബങ്ങള്‍ക്കു കൃഷിഭൂമി ലഭ്യമായത് മിഷന് മുഖേനയാണ്. പട്ടികവര്‍ഗ വകുപ്പിന്റെ ഭാഗമായ മിഷന് കുറച്ചുകാലമായി മരവിപ്പിച്ച നിലയിലാണ്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കി മിഷന് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. 2018ലെ പ്രകൃതിദുരന്തത്തില്‍ വീടും കൃഷിയും നശിച്ച ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം നടന്നില്ല. ജില്ലയില്‍ 200 ഓളം ആദിവാസി കോളനികളെ പ്രകൃതിദുരന്തങ്ങള്‍ ബാധിച്ചതായാണ് കണക്ക്.
പടിഞ്ഞാറത്തറ, കോട്ടത്തറ, കല്‍പ്പറ്റ, പൊഴുതന, കണിയാമ്പറ്റ, പനമരം, മാനന്തവാടി, തിരുനെല്ലി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, നെന്മേനി പ്രദേശങ്ങളില്‍ പുഴകളുടെയും തോടുകളുടെയും ഓരങ്ങളില്‍ താമസിക്കുന്ന പണിയ, അടിയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് കെടുതികള്‍ കൂടുതലും നേരിടേണ്ടിവന്നത്.
കബനി നദിയുടെ കൈവഴികളുടെയും ബാവലി പുഴയുടെയും തീരങ്ങളിലുള്ളതില് 70 കോളനികളില്‍ ഗോത്രമഹാസഭയുടെ നിയന്ത്രണത്തിലുള്ള ആദിശക്തി സമ്മര്‍ സ്കൂളിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി. ഈ കോളനികളിലെ രണ്ടായിരത്തോളം വീടുകളില്‍ 80 ശതമാനവും വാസയോഗ്യമല്ലെന്നാണ് സര്‍വേയില്‍ കണ്ടത്. സുഗന്ധഗിരി, മുട്ടില്‍, കുറിച്യര്‍മല, കുറുമ്പാലക്കോട്ട തുടങ്ങി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശങ്ങളിലെ കോളനികളിലുള്ള വീടുകളും നശിച്ചു.ആദിശക്തി സമ്മര്‍ സ്കൂള്‍ സര്‍വേ വിവരം ക്രോഡീകരിക്കുന്നതിനും പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചു നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനും ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറിനു മാനന്തവാടി ചാലിഗദ്ദ കോളനിയില്‍ ശില്പശാല നടത്തും. വയനാട്, നിലമ്പൂര്‍ മേഖലകളിലെ ദുരന്തബാധിതര്‍, ഭൂരഹിതര്‍, മുത്തങ്ങ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ടവര്‍, പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദിവാസി പുനരധിവാസത്തിനു ടിആര്‍ഡിഎമ്മിന്റെ ശാക്തീകരണം, പുനരധിവാസത്തിനു കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ ഭൂമിയിലെ കൈയേറ്റങ്ങള്‍, പെസ നിയമം, വനാവകാശ നിയമം, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗാഗ്ഡില്‍ കമ്മിറ്റി ശിപാര്‍ശകള്‍ തുടങ്ങിയ ശില്പശാലയില് ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രമേശന് കൊയാലിപ്പുര, ഷാജന് പയ്യമ്പള്ളി, കേരള ആദിവാസി ഫോറം പ്രസിഡന്റ് എ. ചന്തുണ്ണി, വൈസ് പ്രസിഡന്റ് കൃഷ്ണന് തവിഞ്ഞാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.