മൂടക്കൊല്ലിയിലെ കാട്ടാന ശല്യം: ബിജെപി സമരത്തിലേക്ക്
1577301
Sunday, July 20, 2025 5:53 AM IST
സുൽത്താൻ ബത്തേരി: മൂടക്കൊല്ലിയിലെയും സമീപപ്രദേശങ്ങളിലെയും കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പുൽപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീനേഷ് മൂടക്കൊല്ലി, വാകേരി മേഖലാ പ്രസിഡന്റ് നൈജു ആലിക്കൽ, വസന്തകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദിവസങ്ങളായി മൂടക്കൊല്ലിയിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. കൂടല്ലൂർ വാകേരിയിൽ 12 ദിവസം മുന്പാണ് അഭിലാഷ് എന്ന യുവാവിനെ വീടിന് സമീപം കാട്ടാന ആക്രമിച്ചത്. ഈയിടെ കൂടല്ലൂരിലെ വിലാസിനിയുടെ വീടിന്റെ സിറ്റൗട്ടിൽ വരെ കാട്ടാനയെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ കോട്ടൂർ ബാബു, ആനമുണ്ടയിൽ ഗോപി, നെടുമല ശശി എന്നിവരുടെ കൃഷി ആന നശിപ്പിച്ചു.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കാട്ടാനകളെ കുംകി ആനകളുടെ സഹായത്തോടെ തുരത്തിയെങ്കിലും അവ ജനവാസ കേന്ദ്രങ്ങളിൽ തിരിച്ചെത്തുകയാണുണ്ടായത്. ആനകളെ ഉൾക്കാട്ടിലേക്കു തുരത്താൻ വനം വകുപ്പിന് ശുഷ്കാന്തിയില്ല. റെയിൽ ഫെൻസിംഗ് തകർന്ന ഭാഗത്തുകൂടിയാണ് ആനകൾ ജനവാസ മേഖലയിൽ എത്തുന്നത്. വനാതിർത്തിയിൽ പലേടത്തും പ്രതിരോധ മതിലോ വേലിയോ ഇല്ല. റെയിൽ ഫെൻസിംഗ് നന്നാക്കി പരിപാലനം ഉറപ്പുവരുത്തണം.
കുംകി ആനകളെ ഉപയോഗപ്പെടുത്തിയുള്ള പട്രോളിംഗ് ശക്തമാക്കണം. പ്രദേശത്ത് വഴിവിളക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥപിക്കണം. വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണം. താഴത്തങ്ങാടി-മുടക്കൊല്ലി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.