ഉരുൾ ദുരന്തം: കേന്ദ്രം സഹായം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് ടി.ജെ. ആഞ്ചലോസ്
1466305
Monday, November 4, 2024 1:13 AM IST
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്ക് അർഹതപ്പെട്ട സഹായധനം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സംഘടിപ്പിച്ച തോട്ടം തൊഴിലാളി കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉരുൾ ദുരന്തം പാർലമെന്റിൽ വേണ്ടവിധം ഉന്നയിക്കാൻ സംസ്ഥാനത്തുനിന്നുളള യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. 2018ലെ മഹാപ്രളയത്തിൽ ദുരന്ത നിവാരണത്തിന് എത്തിയ ഹെലികോപ്റ്ററിന്റെ വാടകയും ദുരിതാശ്വാസ ക്യാന്പുകളിൽ ഉച്ചഭക്ഷണത്തിന് നൽകിയ അരി, വെളിച്ചത്തിനു ലഭ്യമാക്കിയ മണ്ണെണ്ണ എന്നിവയുടെ വിലയും കേന്ദ്ര സർക്കാർ കണക്കുപറഞ്ഞ് തിരികെ വാങ്ങി. ഉരുൾ ദുരന്തത്തിലും ജനദ്രോഹ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ കോണ്‍ഗ്രസിന് വോട്ടർമാർ തിരിച്ചടി നൽകുമെന്നും ആഞ്ചലോസ് പറഞ്ഞു. എ. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. മൂർത്തി, ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര, സെക്രട്ടറി സി.എസ്. സ്റ്റാൻലി, മഹിതാ മൂർത്തി, കൃഷ്ണകുമാർ, പടയൻ ഇബ്രാഹിം, വി. യൂസഫ്, കെ. രമേശ്, എ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.