കൊട്ടാരക്കര ഗവ. ഐടിഐയ്ക്ക് 2.29 ഏക്കർ ഭൂമി അനുവദിച്ചു
1451895
Monday, September 9, 2024 6:40 AM IST
കൊട്ടാരക്കര: വെളിയം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര ഗവ. ഐടിഐയ്ക്ക് സ്വന്തം കാമ്പസ് ആകുന്നു. ഐടിഐയ്ക്ക് സ്വന്തമായി കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ 2.29 ഏക്കർ ഭൂമി വെളിയം പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകരയിൽ അനുവദിച്ചു.
നിലവിൽ ഐടിഐ പ്രവർത്തിക്കുന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റർ അകലെ വെളിയം പടിഞ്ഞാറ്റിൻകരയിലാണ് റവന്യൂ ഭൂമി ലഭ്യമാക്കുന്നത്. ഐടിഐയ്ക്ക് കാമ്പസ് ഒരുക്കാൻ ഭൂമി വ്യവസായ പരിശീലന വകുപ്പിന് കൈമാറി സർക്കാർ ഉത്തരവായി.
2017 നവംബറിലാണ് വെളിയം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പടിഞ്ഞാറ്റിൻകരയിൽ കൊട്ടാരക്കര ഗവ. ഐടിഐ പ്രവർത്തനം ആരംഭിച്ചത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിന്റെ അധീനതയിലായിരുന്നതും പ്രവർത്തനം നിലച്ചതുമായ കൈത്തറി സഹകരണ സംഘത്തിന്റെ കെട്ടിടം നവീകരിച്ചാണ് സർക്കാർ ഐടിഐയ്ക്ക് തുടക്കമിട്ടത്.
ആദ്യം രണ്ടുവർഷം ഇലക്ട്രീഷൻ, ഒരു വർഷ വെൽഡർ ട്രേഡുകളാണ് അനുവദിച്ചത്.
രണ്ടിലുംകൂടി 80 പേർക്ക് പ്രവേശനമുണ്ട്. 2022 ൽ ആറു മാസത്തെ ഡ്രൈവർ കം മെക്കാനിക്ക് ട്രേഡ് കോഴ്സ് ആരംഭിച്ചു.
ഇതിൽ 40 പേർക്ക് പ്രവേശനം നൽകുന്നു. പ്രിൻസിപ്പൽ, രണ്ട് ക്ലർക്ക്, ഓഫീസ് അറ്റൻഡർ, ഏഴ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
സ്വന്തമായി ഭൂമി ലഭ്യമായതിലൂടെ വിപുലമായ കാമ്പസ് രൂപപ്പെടുത്താനും, നവീന കോഴ്സുകൾ ഉൾപ്പെടെ ആരംഭിക്കാനും കഴിയുന്നതിലൂടെ സ്ഥാപനത്തിന്റെ ഭാവി വികസനം ഉറപ്പാക്കാനുമാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.