സിപിഎം കേരളത്തിൽ നടത്തുന്നത് കൊള്ളമുതൽ പങ്കുവയ്ക്കലും ഒത്തുതീർപ്പും മാത്രം: സി.പി. ജോണ്
1450792
Thursday, September 5, 2024 5:24 AM IST
സുൽത്താൻ ബത്തേരി: കേരളത്തിലെ സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കൊള്ളമുതൽ പങ്കുവയ്ക്കലും അതിന്റെ ഒത്തുതീർപ്പ് ചർച്ചകളും മാത്രമാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണ് ആരോപിച്ചു.
പി.വി. അൻവർ എംഎൽഎ കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ ആരോപണങ്ങൾ ഇതാണ് കാണിക്കുന്നത്. സിപിഎമ്മിലും സർക്കാരിലും നടക്കുന്നത് മുംബൈ അധോലോക സംഘങ്ങളെ നാണിപ്പിക്കുന്ന തരത്തിലുള്ള കൊടും കൊള്ള നടത്തിയവർ തമ്മിലുള്ള ഭാഗംവയ്പ്പ് തർക്കങ്ങൾ മാത്രമാണ്.
ഇടത് സർക്കാരിനെ നയിക്കുന്ന സിപിഎം സോഷ്യൽ ഫാസിസ്റ്റ് നേതൃത്വം "ഡീപ്പ് സ്റ്റേറ്റ് ക്രൈസിസ്’ എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് അതിന്റെ ഫലമായി ഉണ്ടായ കുഴപ്പങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റു ലേബലിൽ ഉള്ള ഒരു പ്രസ്ഥാനം എത്രമാത്രം തരംതാഴാമെന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് മുഖ്യമന്തിയുടെ ഓഫീസിനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരായ അൻവറിന്റെ പരസ്യ ആരോപണങ്ങളും തുടർന്നുനടന്ന ഒത്തുതീർപ്പു ചർച്ചകളും.
ബത്തേരിയിൽ നടക്കുന്ന സിഎംപി സംസ്ഥാന പഠന ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി. ജോണ്. സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എ. അജീർ, വി.കെ. രവീന്ദ്രൻ, കെ. സുരേഷ് ബാബു, എ. നിസാർ, കെ.എ. കുര്യൻ, കാഞ്ചന മാച്ചേരി, ടി.കെ. ഭൂപേഷ്, അഷ്റഫ് മണക്കടവൻ എന്നിവർ പ്രസംഗിച്ചു.