താത്കാലിക പുനരധിവാസം: സജ്ജീകരണങ്ങൾ വിലയിരുത്താൻ അഞ്ചംഗ സമിതി
1443957
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ക്യാന്പുകളിൽ കഴിയുന്നവരുടെ താത്കാലിക പുനരധിവാസത്തിന് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപീകരിച്ചു.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ അംഗങ്ങളും വൈത്തിരി തഹസിൽദാർ കണ്വീനറുമായാണ് സമിതി രൂപീകരിച്ചത്.
താത്കാലിക പുനരധിവാസത്തിന് തദ്ദേശ ഭരണ വകുപ്പ് 41 ഉം പൊതുമരാമത്ത് വകുപ്പ് 24 ഉം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടങ്ങൾ ഉപയോഗയോഗ്യമാക്കി. അറ്റകുറ്റപ്പണികൾക്കുശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും നിലവിലുണ്ട്. വാടക നൽകി ഉപയോഗിക്കാവുന്ന 286 വീടുകൾ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ വീടുകൾ താമസയോഗ്യമാണോ, ആവശ്യമായ വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. വാടക സംബന്ധിച്ച് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഹാരിസണ് മലയാളം കന്പനി 102 തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സൗകര്യം സമിതി പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകും.
താത്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും.ഉരുൾപൊട്ടലിനുശേഷമുള്ള അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോണ് മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ 19ന് സന്ദർശിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ജില്ലാ കളക്ടർ ഡി.ആർ. മേഘ്രശീയും പങ്കെടുത്തു.