കൃത്യനിർവഹണത്തിൽ വീഴ്ച, ക്രമക്കേട്: വയനാട് ജില്ലാ ലോട്ടറി ഓഫീസർക്ക് സസ്പെൻഷൻ
1425365
Monday, May 27, 2024 7:34 AM IST
കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചവരുത്തുകയും ക്രമക്കേട് നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് വയനാട് ജില്ലാ ലോട്ടറി ഓഫീസർ ഡോ.കവിത വി. നാഥിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച, താത്കാലിക നിയമനത്തിൽ ക്രമക്കേട്, ഷെയർ മാർക്കറ്റ് ഇടപാടുകൾ തുടങ്ങിയ പരാതികൾ ഓഫീസർക്കെതിരേ ഉയർന്നിരുന്നു. ഇതു സംബന്ധിച്ചു ലോട്ടറി ഡയറക്ടർ പ്രാഥമികാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൃത്യസമയത്ത് ഓഫീസിൽ ഹാജരാകാതിരിക്കുക, ഓഫീസ് സമയം കഴിയുന്നതിനു മുന്പ് ജോലി അവസാനിപ്പിക്കുക, ഹാജരില്ലായ്മ മറച്ചുവച്ച് ശന്പളം പൂർണമായും കൈപ്പറ്റുക, കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ഓഫീസിലെ കാഷ് ബുക്ക് അതതു ദിവസം പരിശോധിച്ച് ഒപ്പുവയ്ക്കാതിരിക്കുക, ജീവനക്കാരുടെ ആനുകൂല്യം തടഞ്ഞുവയ്ക്കുകയും യഥാസമയം നൽകാതിരിക്കുകയും ചെയ്യുക,
വ്യക്തിഗത ആവശ്യങ്ങൾക്ക് താത്കാലിക ജീവനക്കാരെ ഉപയോഗിക്കുക, ഭിന്നശേഷിക്കാരായ ജീവനക്കാരെ അപമാനിക്കുക, ഓഫീസ് സമയം കംപ്യൂട്ടർ ദുരുപയോഗം ചെയ്ത് ട്രേഡിംഗ് അക്കൗണ്ട് പരിശോധിക്കുക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക ജീവനക്കാരുടെ നിയമനത്തിൽ കൃത്രിമം കാണിക്കുക തുടങ്ങിയ വീഴ്ചകൾ ഓഫീസർ നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇക്കാര്യങ്ങളിൽ വിശദ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും. ഓഫീസറുടെ ക്രമക്കേടുകളും സാന്പത്തിക ഇടപാടുകളും വിജിലൻസ് വിഭാഗത്തെ ഉൾപ്പെടുത്തി അന്വേഷിക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്.
അജിത് മാത്യു