ബാലവേല മുക്ത ജില്ല; ടാസ്ക്ഫോഴ്സ് രൂപീകരിച്ചു
1301458
Friday, June 9, 2023 11:44 PM IST
കൽപ്പറ്റ: ബാലവേല, ബാലവിവാഹം, ബാലഭിക്ഷാടനം, തെരുവുബാല്യ മുക്ത ജില്ല എന്നീ ലക്ഷ്യപൂർത്തീകരണത്തിനായി ജില്ലയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന കമ്മിറ്റിയുടെ ആദ്യയോഗത്തിൽ എഡിഎം എൻ.ഐ. ഷാജു അധ്യക്ഷത വഹിച്ചു. ബാലവേല, ബാലവിവാഹം തുടങ്ങിയവ നിരീക്ഷിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും.
ഇതിനെതിരേ ബോധവത്കരണം ഉൗർജിതമാക്കും. ടാസ്ക്ക് ഫേഴ്സിന്റെ നേതൃത്വത്തിൽ ജോയിന്റ് ഡ്രൈവ് നടത്തും. ബാലവേലയ്ക്ക് നിയോഗിക്കുന്ന തൊഴിൽ ദാതാവിനെതിരായി കേസെടുക്കും. ജില്ലാ കളക്ടർ അധ്യക്ഷയായ ടാസ്ക് ഫോഴ്സാണ് കർശനമായ നടപടികൾ സ്വീകരിക്കുക.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.ഇ. ജോസ്, സ്പെഷൽ ജുവനൈൽ പോലീസ് യുണിറ്റ് ഡിവൈഎസ്പി എ. റബിയത്ത്, ശരണബാല്യം റെസ്ക്യൂ ഓഫീസർ ഷിജു, ഐടിഡിപി പ്രോജക്ട് ഓഫീസർ, ടിഡിഒമാർ, ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലീഗൽ സെർവിസസ് അതോറിറ്റി പ്രതിനിധികൾ, ജില്ലാ ശിശുസംരക്ഷണ ഓഫീസ് പ്രതിനിധികൾ, എൻജിഒ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.