അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും: മന്ത്രി വീണാ ജോർജ്
1298188
Monday, May 29, 2023 12:24 AM IST
സുൽത്താൻ ബത്തേരി: ഗവ.താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണ വിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
സാധാരണക്കാർക്ക് ആശ്രയമായ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സയും സൗകര്യവും ഒരുക്കുക സർക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. സോളാർ പ്ലാന്റ്, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാഷ്വാലിറ്റി ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്റർ, ലിഫ്റ്റുകൾ, പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റർ, കീമോ തെറാപ്പി യൂണിറ്റ്, ഭിന്നശേഷി കുട്ടികളുടെ ഫിസിയോ തെറാപ്പി യൂണിറ്റ്, റിംഗ് റോഡ്, ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്, എന്നിവയുടെ ഉദ്ഘാടനമാണ് നടത്തിയത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, വൈസ് പ്രസിഡന്റ് അന്പിളി സുധി, ഡിഎംഒ ഡോ.പി. ദിനീഷ്, ഡിപിഎം ഡോ.സമീഹ സെയ്തലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചു കോടി രൂപ ചെലവിലാണ് അത്യാഹിതവിഭാഗവും ഓപ്പറേഷൻ തിയേറ്ററും നവീകരിച്ചത്. എൻഎച്ച്എം ഫണ്ടിലെ ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റർ നിർമാണം പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലെ 51 ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികൾക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് 1.10 കോടി രൂപ വിനിയോഗിച്ചാണ് റിംഗ് റോഡ് നിർമിച്ചത്. ആരോഗ്യ കേരളം ഫണ്ടിലെ 50 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് നിർമാണം. ഓക്സിജൻ ജനറേഷൻ പ്ലാന്റിനു നാലു ലക്ഷം രൂപ ചെലവായി. കെഎസ്ഇബിയുടെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 166 കിലോവാട്ട് ശേഷിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചത്.