അന്പലവയൽ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ വരെ നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം സിനി ആർട്ടിസ്റ്റ് ശിവപാർവതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. ഷമീർ അധ്യക്ഷത വഹിച്ചു. ഇന്റർലോക് ചെയ്ത് സ്കൂൾമുറ്റം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു.
സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകൻ സി.എം. അബ്ദുൾ സലാമിനെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ആദരിച്ചു. പിടിഎ പ്രസിഡന്റ് എ.പി. രഘു സ്റ്റേജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രാഗതരംഗിന്റെ ഗാനമേള അരങ്ങേറി. ടൗണിൽ നടന്ന വിളംബര റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയ്ക്കുശേഷമായിരുന്നു ഉദ്ഘാടന സമ്മേളനം.
പൂർവവിദ്യാർഥി സംഗമം, പൂർവഅധ്യാപക സംഗമം, കലാകായിക മേഖലകളെ പുരോഗതിയിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ, നാടൻകലകളെ അടുത്തറിയൽ, കഥ, കവിത, നാടക ക്യാന്പുകൾ, ലഹരി വിമുക്ത വിദ്യാലയം, പ്ലാസ്റ്റിക് രഹിത-പരിസ്ഥിതി സൗഹൃദ കാന്പസ്, പിന്നാക്കക്കാർക്ക് സവിശേഷ പിന്തുണ, പ്രാദേശിക ചരിത്ര നിർമിതി, പ്ലാറ്റിനം ജൂബിലി സ്മാരകം നിർമാണം, ഗോത്രഫെസ്റ്റ് തുടങ്ങി 75 വ്യത്യസ്ത പരിപാടികൾ ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സുരേഷ് താളൂർ, പ്രിൻസിപ്പൽ പി.ജി. സുഷമ, സംഘാടക സമിതി ഭാരവാഹികളായ കെ. ഷമീർ, ബിനോ പോൾ, എ.പി. രഘു, ഇ.കെ. ജോണി, പ്രമോദ് ബാലകൃഷ്ണൻ, പി.ആർ. ബിനേഷ്, പ്രദീപ് എടക്കൽ എന്നിവർ പറഞ്ഞു. 1948ൽ ആരംഭിച്ചതാണ് വിദ്യാലയം. ആദ്യകാലത്ത് അന്പലവയൽ പോലീസ് സ്റ്റേഷനു അടുത്തുള്ള പഴയ കെട്ടിടത്തിലും പിന്നീട് കുറച്ചുകാലം മ്യൂസിയത്തിനടുത്തുള്ള നിസൻ ഹട്ടിലുമായിരുന്നു പ്രവർത്തനം.
1964ൽ ഹൈസ്കൂൾ ആയതോടെ എൽപി വിഭാഗം വേർപെടുത്തി. നിലവിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പഠിതാക്കളുണ്ട്.