ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങി
1279754
Tuesday, March 21, 2023 11:17 PM IST
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ആശുപത്രി ഇ ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യുഎച്ച്ഐഡി) വിതരണം ആരംഭിച്ചു. ഇതുപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓണ്‍ലൈനായി സൂക്ഷിക്കും.
കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുന്പോൾ ഡോക്ടർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ തുടർചികിത്സ തീരുമാനിക്കുന്നത് എളുപ്പമാകും. അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങൾ, മറ്റ് പരിശോധനാ ഫലങ്ങൾ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നതു മൂലം രോഗിക്ക് ഇത്തരം വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ കൊണ്ടുപോകാതെ തന്നെ കേരളത്തിൽ ഇഹെൽത്ത് നടപ്പാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തിൽ ചികിത്സ തേടാൻ കഴിയും.
ഇഹെൽത്ത് കാർഡ് ഉപയോഗിച്ച് ആശുപത്രികളിലെ വിവിധ പരിശോധനകൾ, സ്കാനിംഗ് തുടങ്ങിയവയ്ക്ക് മുൻകൂറായി ബുക്ക് ചെയ്യാം. ടെസ്റ്റ് റിപ്പോർട്ടുകൾ തയാറായി കഴിഞ്ഞാൽ രോഗിയുടെ മൊബൈലിൽ മെസേജ് വരുന്ന സംവിധാനം ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
രോഗികളുടെ മുൻകാല രോഗം, കുടുംബത്തിലെ പാരന്പര്യ അസുഖം, താമസസ്ഥലത്തെ കുടിവെള്ളം, മാലിന്യം തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നത് മൂലം പൊതുജനാരോഗ്യ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയും. ആധാർ അടിസ്ഥാനമാക്കിയാണ് യുഎച്ച്ഐഡി കാർഡ് നൽകുന്നത്. യുഎച്ച്ഐഡി കാർഡ് ലഭിക്കുന്നതിനായി ആധാറിന്റെ ഒറിജിനലും ലിങ്ക് ചെയ്ത മൊബൈലും കയ്യിൽ കരുതണം.