ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള ആരോപണം അടിസ്ഥാനരഹിതം: ടി.എസ്. ദിലീപ് കുമാർ
1278424
Friday, March 17, 2023 11:38 PM IST
പുൽപ്പള്ളി: ബസ് സ്റ്റാൻഡ് നവീകരണത്തിന് പഞ്ചായത്ത് ബജറ്റിൽ ആറ് കോടി രൂപ വകയിരുത്തിയതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നുയരുന്ന വിമർശനം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ.
പഞ്ചായത്തിന് ദേവസ്വം പാട്ടത്തിനു തരുന്ന 73 സെന്റ് സ്ഥലം ബസ്സ്റ്റാൻഡ് യാർഡ്, കംഫർട്ട് സ്റ്റേഷൻ എന്നിവയ്ക്ക് മാത്രമായി ഉപയോഗിക്കണമെന്നാണ് കരാർ. ഈ സ്ഥലത്തിന്റെ മൂന്നു ഭാഗങ്ങളിലും വ്യാപാര സമുച്ചയം നിർമിക്കാനും ഉപയോഗിക്കാനുമുള്ള പൂർണ അവകാശം ദേവസ്വത്തിനു മാത്രമാണ്. അതിൽ നിന്നുള്ള വരുമാനവും ദേവസ്വത്തിനാണ്. ഇപ്പോഴുള്ള ബസ്സ്റ്റാൻഡിന് അരികിലുള്ള കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച് അവിടെയാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
വസ്തുതകൾ ഇതായിരിക്കെ ബജറ്റ് നിർദ്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് പൊതു സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കങ്ങൾ അപലപനീയമാണ്. നാടിന്റെ പൊതു വികസനത്തിന് പാട്ടവ്യവസ്ഥയിൽ ഭൂമി അനുവദിച്ച ദേവസ്വം ഭരണ അധികാരികളെയും പഞ്ചായത്തിനെയും സംശയ നിഴലിൽ നിർത്തി നാടിന്റെ വികസനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കേണ്ടതാണ്.
മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ബസ്സ്റ്റാൻഡിലേക്കുള്ള റോഡുകൾ, ഡ്രൈനേജ് എന്നിവയടക്കമുള്ള കാര്യങ്ങൾ ഇതിൽപ്പെടും.
അനാവശ്യ വിവാദങ്ങളുണ്ടാക്കി ബസ്സ്റ്റാൻഡ് നവീകരണത്തെ തടസപ്പെടുത്താതെ ഈ ഉദ്യമത്തോട് എല്ലാവരും സഹകരിക്കണമെന്നും ടി.എസ്. ദിലീപ് കുമാർ പറഞ്ഞു.