മുതുമല ആന വളർത്തു കേന്ദ്രത്തിൽ ഒരു അതിഥി കൂടിയെത്തി
1278423
Friday, March 17, 2023 11:38 PM IST
ഗൂഡല്ലൂർ: മുതുമല വന്യജീവി സങ്കേതത്തിലെ തൊപ്പക്കാട് ആന വളർത്ത് കേന്ദ്രത്തിൽ ഒരു അതിഥി കൂടിയെത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഓക്കേനക്കൽ റേഞ്ച് പരിധിയിലെ വനമേഖലയിൽ അമ്മയെ പിരിഞ്ഞ് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ ആനക്കുട്ടിയെയാണ് വനപാലകർ രക്ഷപ്പെടുത്തി മുതുമലയിൽ എത്തിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആനക്കുട്ടിയെ ഇവിടെ എത്തിച്ചത്. ഡോ. രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആനകുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. വനത്തിൽ തീറ്റ തേടുന്നതിനിടെ കൂട്ടം തെറ്റി അമ്മയെ പിരിയുകയായിരുന്നുവെന്നാണ് സൂചന.
വനപാലകർ തള്ളയെ തേടിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് ആനകുട്ടിയെ മുതുമല ആന വളർത്തു കേന്ദ്രത്തിൽ എത്തിക്കാൻ ധർമപുരിയിലെ വനപാലകർ തീരുമാനിച്ചത്. ആന പാപ്പാൻ ബൊമ്മനാണ് ആനകുട്ടിയെ പരിചരിക്കുന്നത്.