ഹരിതമായി വള്ളിയൂർക്കാവ് ഉത്സവം
1278155
Friday, March 17, 2023 12:07 AM IST
കൽപ്പറ്റ: ഇത്തവണത്തെ വള്ളിയൂർക്കാവ് ഉത്സവം പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കും. ഉത്സവ നഗരിയിലെ മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാനും മാലിന്യ മുക്തമാക്കാനുമാണ് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയും വള്ളിയൂർക്കാവ് ദേവസ്വത്തിന്റെയും ഉത്സവ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ഗ്രീൻ പ്രോട്ടോകോൾ നടത്തിപ്പുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയുടെയും സബ് കളക്ടറുടെയും നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ക്ഷേത്ര കമ്മിറ്റിയുടെയും പ്രത്യേക യോഗം ചേർന്നു.
ഉത്സവ നഗരിയിൽ രൂപപെടാവുന്ന ജൈവ അജൈവ മലിന്യങ്ങളുടെ തോതു കുറക്കുന്നതിനായി പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നത്. ഇതിനായി ദേവസ്വത്തിന്റെ കീഴിൽ 30 അംഗ പ്രത്യേക വോളണ്ടിയർ സേനയെ സജ്ജമാക്കി. ഈ സേനയും മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനയും ചേർന്നാണ് വള്ളിയൂർക്കാവിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അതാതു ദിവസത്തെ അജൈവ മാലിന്യങ്ങൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഹരിത കർമ സേന അന്ന് തന്നെ നീക്കം ചെയ്യും. ഭക്ഷണവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കും. ഉത്സവ നഗരിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി 150 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തങ്ങൾ കൃത്യമായി നടപ്പാക്കുന്നതിനും അതു മോണിറ്റർ ചെയ്യുന്നതിനുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഓഫീസും തുറക്കും.
പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ്, നിരോധിത കാരി ബാഗ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉത്സവ നഗരിയിൽ പൂർണമായും നിരോധിച്ചു. ചായ, സ്നാക്സ് എന്നിവ ഡിസ്പോസിബിൽ വസ്തുക്കളിൽ നൽകരുതെന്നും കച്ചവടക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ അന്നദാനം പൂർണമായും ഇലകളും പ്ലേറ്റുകളും ഉപയോഗിച്ച് നൽകും.
ശുചിത്വ മാലിന്യ പ്രവർത്തനങ്ങളിൽ മലിന്യത്തിന്റെ അളവ് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നത്. വള്ളിയൂർക്കാവിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ ഉത്സവ നഗരിയിൽ എത്തുന്ന എല്ലാ പൊതുജനങ്ങളും സ്റ്റാൾ മേധാവികളും സഹകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളും മറ്റു ഭാരവാഹികളും അറിയിച്ചു.