പരിമിതികൾ മാറ്റിവച്ച് സദസിനെ കൈയിലെടുത്ത് ഭിന്നശേഷി കലോത്സവം
1265568
Monday, February 6, 2023 11:58 PM IST
മീനങ്ങാടി: കമ്യൂണിറ്റി ഹാളിൽ നടന്ന സഹയാത്രിക കലോത്സവം ശ്രദ്ധേയമായി. ഭിന്നശേഷിക്കാരിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമാണ് മീനങ്ങാടി പഞ്ചായത്ത് സഹയാത്രിക ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രായഭേദമന്യേ അറുപത്തിയെട്ട് കലാകാരൻമാരാണ് മത്സരത്തിനെത്തിയത്. ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാപാരായണം, നാടൻപാട്ട്, സംഘനൃത്തം, കഥാപ്രസംഗം തുടങ്ങി സദസിന്റെ നിറഞ്ഞ കയ്യടികൾക്കൊപ്പമാണ് ഓരോ മത്സരങ്ങളും അവസാനിച്ചത്.
ചിത്രരചന, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങി മത്സരങ്ങളും ഒരുക്കിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മജീഷ്യൻ ശശി തഴുത്തുവയലിന്റെ മാജിക് ഷോയും വെള്ളമുണ്ട അൽകരാമ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, കെ.പി. നുസ്രത്ത്, ബേബി വർഗീസ്, ഉഷാരാജേന്ദ്രൻ, പി. വാസുദേവൻ, പി.വി. വേണുഗോപാൽ, ലിസി പൗലോസ്, ബിന്ദു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.