മാനന്തവാടി: നാൽപ്പത്തിയൊന്നാമത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ അരങ്ങുണർന്നു. യുപി സ്കൂൾ വിദ്യാർഥികളുടെ ഭരതനാട്യം മത്സരത്തോടെയാണ് കലോത്സവ നഗരിയിലെ വേദികൾ ഉണർന്നത്. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഒപ്പന, സംഘഗാനം, കുച്ചുപ്പുടി, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളും അരങ്ങേറി.
മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. കണിയാരം ഫാ.ജികഐം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കലോത്സവ വേദിയായ വല്ലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ പ്രഭാഷണം നടത്തി. ഇന്റർനാഷണൽ ഡ്രം ഫെസിലിറ്റേറ്റർ ഡോ. ശ്യാം സൂരജ്, സ്റ്റാർ സിംഗർ റണ്ണർ അപ്പ് അഖിൽ ദേവ് എന്നിവർ മുഖ്യാതിഥികളായി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാ. ജികഐം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ലഹരി വിരുദ്ധ ബോധവത്കരണ ഫ്ളാഷ് മോബ്, സാൻജോ പബ്ലിക് സ്കൂൾ ബാൻഡ് സംഘത്തിന്റെ ബാൻഡ് മേളം എന്നിവയും നടന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജൂനൈദ് കൈപ്പാണി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പി.വി.എസ്. മുസ കൗണ്‍സിലർമാരായ പി.വി. ജോർജ്, ഷൈനി ജോർജ്, വിദ്യാഭാസ ഉപഡയറക്ടർ കെ. ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ബാലഗംഗാധരൻ, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ, എച്ച്.എം. ഫോറം കണ്‍വീനർ പി.വി. മൊയ്തു, എഇഒ എം.എം. ഗണേശൻ, പിടിഎ പ്രസിഡന്റ് മനോജ് കുമാർ, സ്കൂൾ ലീഡർ സോനാ ഷാജി, കണ്‍വീനർ കെ.വി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാനന്തവാടി: കൗമാര കലയുടെ മഹോത്സവത്തിന് അരങ്ങുണര്‍ന്നു. ആദ്യദിനത്തില്‍ തന്നെ ഉപജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രാത്രി എട്ട് വരെയുള്ള ഫലം ലഭിക്കുമ്പോള്‍ 436 പോയിന്റുകളുമായി ബത്തേരി ഉപജില്ലയാണ് മുന്നിട്ട് നില്‍ക്കുന്നത്. മാനന്തവാടി ഉപജില്ല 429 പോയിന്റുകളുമായും വൈത്തിരി 422 പോയിന്റുകളുമായും പിന്നാലെയുണ്ട്. രാത്രി വൈകിയും മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ആദ്യദിനത്തില്‍ തന്നെ ലീഡ് നില മാറിമറിയാനും സാധ്യതയുണ്ട്.
സ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടി ജിവിഎച്ച്എസ്എസ് ലീഡ് ചെയ്യുമ്പോള്‍ കല്‍പ്പറ്റ എസ്കെഎംജെഎച്ച്എസാണ് രണ്ടാം സ്ഥാനത്ത്.കണിയാരം ഫാ.ജികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോസഫ്സ് ടിടിഐ, സാന്‍ജോ പബ്ലിക്ക് സ്കൂള്‍ എന്നിവിടങ്ങളിലാണ് കലോത്സവം നടക്കുന്നത്. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി 4,000 ത്തോളം വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.