കൽപ്പറ്റ: റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമദിനം ജില്ലാ ഭരണകൂടത്തിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ ആചരിച്ചു. ദേശീയപാതയിലെ വാര്യാട് നടന്ന പരിപാടിയിൽ ടി. സിദ്ദിഖ് എംഎൽഎ സന്ദേശം നൽകി. റോഡപകടങ്ങളിൽ ഏറിയപങ്കും മനുഷ്യനിർമിതമാണെന്നു അദ്ദേഹം പറഞ്ഞു. അശ്രദ്ധയും അമിതവേഗതയും അപകട കാരണങ്ങളിൽ പ്രധാനപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ പ്രതിജ്ഞാവാചകം എംഎൽഎ ചൊല്ലിക്കൊടുത്തു. താത്കാലിക സ്പീഡ് ബ്രേക്കർ മീനങ്ങാടി പോലീസിനു കൈമാറി. അപകടങ്ങളിൽ മരിച്ചവരെ ഓർക്കുന്നതിനു ഒരുക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മെഴുകുതിരികൾ തെളിയിച്ചു.
മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ റോഡ് സുരക്ഷ സന്ദേശം അടങ്ങിയ ഹ്രസ്വചിത്രത്തിന്റെ(വിടരുംമുന്പേ) പ്രദർശനം നടത്തി. മുട്ടിൽപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രിക, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി, മേരി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ അനൂപ് വർക്കി, ഇ. മോഹൻദാസ്, എസ്. അജിത്കുമാർ, വി.വി. വിനീത്, ആർ. സുജിത്, പി.എ. സുമേഷ്, എം.വി. റെജി, കെ.സി. സൗരഭ്, ശരത്കുമാർ, പൊതുപ്രവർത്തകരായ ബിനു തോമസ്, ഹംസ വാര്യാട്, അഷറഫ് കൊട്ടാരം, റോഡ് അപകടങ്ങളിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ, വാര്യാട് സംരക്ഷണ സമിതി പ്രവർത്തകർ, വാർസോ പ്രവർത്തകർ, പൾസ് എമർജൻസി പ്രവർത്തകർ, അമാന ടയോട്ട ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.