പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സർവമത തീർത്ഥാടനകേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നു മുതൽ ഒക്ടോബർ മൂന്നു വരെ നടത്തും. പെരുന്നാൾ കമ്മിറ്റി ഭാരവാഹികളായ ഫാ. അജു ചാക്കോ അരത്തമ്മാമൂട്ടിൽ, വർഗീസ് തോട്ടത്തിൽ, പി.വൈ. യൽദോസ് പരത്തുവയലിൽ, എൽദോ ജോർജ് മത്തോക്കിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ഇന്നു രാവിലെ ഏഴിനു പ്രഭാത പ്രാർത്ഥന, വിശുദ്ധ മുന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവയിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യ കാർമികത്വം വഹിക്കും 11.15ന് കൊടി ഉയർത്തൽ. 11.30ന് ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം. വചനശുശ്രൂഷ നേതൃത്വം: ഫാ. മാത്യു വയലാമണ്ണിൽ, ഫാ.റിജോ മുണ്ടശേരിയിൽ. രാത്രി ഏഴിനു സന്ധ്യാപ്രാർത്ഥന, പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. എട്ടിനു ആശിർവാദം. നാളെ മുതൽ 30 വരെ രാവിലെ എഴിനു പ്രഭാത പ്രാർത്ഥന. എട്ടിനു വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന. 11നു ബൈബിൾ കണ്വെൻഷൻ. രാത്രി ഏഴിനു സന്ധ്യാപ്രാർത്ഥന, പരിശുദ്ധ ബാവയോടുള്ള പ്രത്യേക മാധ്യസ്ഥ പ്രാർത്ഥന. എട്ടിനു ആശിർവാദം.
ഒക്ടോബർ ഒന്നിനു രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന. 8.15ന് വടക്കൻ മേഖല തീർത്ഥാടകർക്ക് സ്വീകരണം. 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന-മുഖ്യകാർമികൻ: യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത. രാത്രി ഏഴിനു സന്ധ്യാപ്രാർത്ഥന. എട്ടിനു പ്രസംഗം, പരിശുദ്ധ ബാവയോടുള്ള പ്രത്യേക മാധ്യസ്ഥ പ്രാർത്ഥന. 8.30ന് ആശിർവാദം. രണ്ടിനു രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന. 8.30ന് പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ ,വിശുദ്ധ മൂന്നിൻമേൽ കുർബാന. 11നു നേർച്ചഭക്ഷണം. 11.30ന് പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘടനം ചെയ്യും. ചാരിറ്റി ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മർക്കാർ നിർവഹിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണനും പരീക്ഷകളിൽ ഇടവകയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാറും അനുമോദിക്കും.
ഉച്ചയ്ക്ക് എക്യുമെനിക്കൽ സുവിശേഷഗാനമത്സരം. 6.30ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം, പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. എട്ടിനു ആഘോഷമായ പെരുന്നാൾ റാസ. 8.30ന് ആശിർവാദം. മൂന്നിനു രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന. 8.15ന് തെക്കൻ മേഖല തീർത്ഥാടകർക്ക് സ്വീകരണം. 8.30ന് കുര്യാക്കോസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന. 10.30ന് പെരുന്നാൾ ഏറ്റുകഴിക്കുന്നവർക്കായി വിശുദ്ധ ദൈവമാതാവിനോടും പരിശുദ്ധ യൽദോ മോർ ബസോലിയോസ് ബാവായോടുമുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. 12.30ന് ആഘോഷമായ പെരുന്നാൾ റാസ, ആശിർവാദം, പാച്ചോർ നേർച്ച, ലേലം, കൊടിയിറക്കൽ.