കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കാർഷിക മേഖലയെയും കർഷകരെയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരന്തരം അവഗണിക്കുന്നിൽ പ്രതിഷേധിച്ചും പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം വിധി കോടതി നീക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടുക, ജപ്തി, സർഫാസി നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു സമരം. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു.
സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്റർ വരെയാകാമെന്ന 2019 ഓക്ടോബറിലെ ഇടതു സർക്കാർ തീരുമാനം കർഷകരടക്കം ജനവിഭാഗങ്ങളുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായി മാറിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയിൽനിന്നു ജനവാസകേന്ദ്രങ്ങൾ പൂർണമായും ഒഴിവാകുന്നതിനു ഉതകുന്ന ഇടപെടൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടത്തണമെന്നു കരീം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ്, പൊരളോത്ത് അഹമദ് ഹാജി, ഗഫൂർ വെണ്ണിയോട്, എം. അന്ത്രു ഹാജി, സി. മുഹമ്മദ്, സി.കെ. അബൂബക്കർ ഹാജി, അലവി വടക്കേതിൽ, പി. കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു. ഖാലിദ് വേങ്ങൂർ, ഉസ്മാൻ മേമന, അസീസ് പൊഴുതന, മൊയ്തീൻകുട്ടി മീനങ്ങാടി, പി. കുഞ്ഞി മുഹമ്മദ്, എം.കെ. ആലി, പി.കെ. നാസർ, റാഷിദ് പള്ളിക്കണ്ടി, എം.കെ. ദാവൂദ് എന്നിവർ നേതൃത്വം നൽകി.