മാനന്തവാടി: സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയമായി മാറാനൊരുങ്ങി തോൽപ്പെട്ടി ഗവ.സ്കൂൾ. അന്‍പത് ശതമാനത്തോളം ഗോത്രവിഭാഗത്തിലുള്ള വിദ്യാർഥികൾ പഠിക്കുന്ന തോൽപ്പെട്ടി സ്കൂളാണ് ചുവടുകൾ എന്ന പേരിൽ 21 ഇനകർമ്മ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയമായി മാറാൻ പോകുന്നത്. തിരുനെല്ലി പഞ്ചായത്തിൽ പെടുന്ന തോൽപ്പെട്ടി സ്കൂളിൽ അന്‍പത് ശതമാനം കുട്ടികളും ഗോത്രവിഭാഗത്തിൽ പെടുന്നവരാണ്. ഈ കുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കുകയും വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവരെ സജീവമായി പങ്കാളികളാക്കുകയും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് അടിത്തറയിടുകയുമാണ് ഇതു വഴിലക്ഷ്യം വയ്ക്കുന്നത്.
വരവേൽപ്പ്, ആവശ്യം ആരോഗ്യം, സ്കൂൾ വണ്ടി, പോഷണം, ഒരുമ, കടൽ വിളിക്കുന്നു, മഷിത്തണ്ട് സർഗ പോഷണപരിപാടി, വായനാ ഗ്രാമം, കളിക്കളം, ഒപ്പം - കൗണ്‍സലിംഗ് ഗൈഡൻസ് യൂണിറ്റ്, ഗോത്രകലകളൂടെ പ്രോത്സാഹനത്തിനായിപ്പും തുടിയും തൊഴിൽ നൈപുണ്യ പരിശീലനത്തിനായി വൈഭവം, വിജയോത്സവം തുടങ്ങിയ 21 ഇന പരിപാടികളാണ് മൂന്നു വർഷം കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. വരവേൽപ്പിൽ തുടങ്ങി വിജയോത്സവത്തിൽ എത്തി നിൽക്കുന്ന പദ്ധതികളെല്ലാം വിജയത്തിലെത്തിക്കുമെന്ന ഉറപ്പിലാണ് ഇവർ.
വിവിധ ഡിപ്പാർട്ട്മെന്റുകൾ, പിടിഎ, നാട്ടുകാർ ഇവരെയെല്ലാവരെയും കോർത്തിണക്കിക്കൊണ്ടാണ് പദ്ധതിയുടെ പ്രവർത്തനം. ഇതിന്റെ ഭാഗമായി എല്ലാ പദ്ധതികൾക്കും ഓരോ പ്രോഗ്രാം ഡയറക്ടർമ്മാരെയും പ്രോഗ്രാം കണ്‍വീനർമാരെയും തെരഞ്ഞെടുത്തു.
ഗോത്രവിഭാഗത്തിള്ള കുട്ടികളുടെ കലകളെയും കളികളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതിനായി അവർക്ക് ഒരു വേദി ഉറപ്പാക്കുക അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുക അവരുടെ സമഗ്രമായ വളർച്ച ഉറപ്പാക്കുക എന്നിവ ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതി ഗോത്ര വിദ്യാർഥികൾക്ക് ഒരു വഴിത്തിരിവായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഭാരവാഹികളും.
താഴെ നാടുകാണിയിൽ വീണ്ടും ലോറി മറിഞ്ഞു
ഗൂഡല്ലൂർ: നാടുകാണി ചുരത്തിൽ താഴെ നാടുകാണി മേഖലയിൽ വീണ്ടും ലോറി മറിഞ്ഞു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്ലൈവുഡ് കയറ്റി പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം 4.15നാണ് സംഭവം. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടം കാരണം ഈ പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഗൂഡല്ലൂർ-നിലന്പൂർ അന്തർസംസ്ഥാന പാതയിലെ താഴെ നാടുകാണി ജീൻപൂൾ പ്രൊജക്ടിന്റെ കുടിവെള്ള കിണറിന് സമീപം അപകടങ്ങൾ നിത്യസംഭവമായിരിക്കുകയാണ്. അഞ്ച് വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്. നാടുകാണി ചുരം റോഡ് പാടെ തകർന്നിട്ടുണ്ട്. കൂടാതെ ഈ മേഖലയിൽ റോഡ് സംരക്ഷണ ഭിത്തിയില്ല. റോഡിൽ വലിയ ഗർത്തങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കുഴികളിൽ വീണാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ സംഭവിക്കുന്നത്. എപ്പോഴും ആളുകൾ നടന്നു പോകുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. റോഡ് ടാറിംഗ് നടത്തുന്നതിനും, റോഡ് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും തമിഴ്നാട് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും, ഡ്രൈവർമാരും ആവശ്യപ്പെട്ടു.