മൊ​ബൈ​ല്‍ മോ​ഷ​ണം: പ്രതിയുമായി ക​ട​യി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Friday, November 15, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​മ്പാ​യ​ത്തോ​ട് അ​ഷ​റ​ഫ് (55) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ എ​വി​ടെ​യാ​ണ് വി​റ്റ​തെ​ന്ന​റി​യാ​നും മ​റ്റു മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ​ങ്കി​നെ കു​റി​ച്ച് അറി​യാ​നു​മാ​ണ് പ്ര​തി​യെ ക​സ​ബ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച മാ​വൂ​ര്‍​റോ​ഡി​ലെ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​ള്ള സാം​സം​ഗ് ക​ഫേ മൊ​ബൈ​ല്‍ ഷോ​പ്പി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 24 വ​ര്‍​ഷ​മാ​യി മോ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​ഷ്‌​റ​ഫ് ചോ​ദ്യ ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഫോ​ൺ ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പോ​ലീ​സ് പി​ടി​കൂ​ടി​യാ​ല്‍ ത​ല സ്വ​യം അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക പ​തി​വാ​ണ്.
മാ​വൂ​ര്‍​റോ​ഡി​ലെ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​ള്ള സാം​സം​ഗ് ക​ഫേ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ നി​ന്നും നാ​ല് ല​ക്ഷം രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍​ഫോ​ണു​ക​ളാ​ണ് അ​ഷ​റ​ഫ് മോ​ഷ്ടി​ച്ച​ത്. ഈ​സ്റ്റ്ഹി​ല്‍​സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മോ​ഷ​ണ ശേ​ഷം ക​ട​ന്നു​പോ​യ വൈ​ഷ്ണ​വ് ഹോ​ട്ട​ല്‍,ആ​ശാ ലോ​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ച​തോ​ടെ അ​ഷ്റ​ഫി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു മോ​ഷ​ണ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന അ​ഷ്റ​ഫ് ജാ​മ്യ​ത്തി​ലി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് വീ​ണ്ടും ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.