ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി നഗരത്തില്‍ കിടാരി പാര്‍ക്ക് വരുന്നു
1536344
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: കോഴിക്കോട് നഗര പരിധിയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ബജറ്റില്‍ കിടാരി പാര്‍ക്ക് പ്രഖ്യാപനം. അത്യുല്പാദനശേഷിയുള്ള പശുക്കളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും അതുവഴി ജനിതക സമ്പത്തു മെച്ചപ്പെടുത്താനും പാലുല്പാദനം വര്‍ധിപ്പിക്കാനുമായാണ് കിടാരി പാര്‍ക്ക് സജ്ജമാക്കുന്നത്. കോഴിക്കോട് കോര്‍പറേഷനും ക്ഷീരവികസന വകുപ്പും സംയുക്തമായി ചേര്‍ന്നുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
അത്യുല്പാദനശേഷിയുള്ള കിടാരികളെ വാങ്ങുന്നതിനായി ക്ഷീര കര്‍ഷകര്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഇതോടെ മാറ്റാനാകും. കര്‍ഷകര്‍ക്ക് കിടാരികളെ വാങ്ങുന്നതിനായി സഹകരണ ബാങ്കുകളെ സഹകരിപ്പിച്ചുകൊണ്ട് വായ്പാ സൗകര്യം ലഭ്യമാക്കും.
കോര്പറേഷന് പരിധിയിലുള്ള കോഴിക്കോട്, എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍ കൃഷിഭവനുകളിലൂടെയാണ് കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ ഇടവിള കിറ്റ്, കുറ്റി കുരുമുളക്, വളങ്ങള്‍, ഫലവൃക്ഷതൈകള്‍, പച്ചക്കറി തൈകള്‍ തുടങ്ങിയ എല്ലാ പദ്ധതികള്‍ക്കും പുറമേ ഔഷധസസ്യങ്ങളുടെ കിറ്റ്, മഴ മറ, തിരിനന പദ്ധതികളും അപേക്ഷ സമര്‍പ്പിക്കുന്ന വാര്‍ഡിലെ എല്ലാ വീടുകളിലും കറിവേപ്പില തൈ, മുരിങ്ങ, പപ്പായ എന്നിവ നല്‍കുന്നതിന് ആവശ്യമായ പദ്ധതികളും നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കോര്പറേഷന് പരിധിയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാല് ബജറ്റുകളിലും പദ്ധതികള്‍ വച്ച് ജൈവ കീടനാശിനികള്‍ പച്ചക്കറി തൈകള്‍ എന്നിവ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കും. വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചട്ടിയിലും ബാഗിലും തൈകള്‍ നല്കുന്ന പദ്ധതി ഈ വര്‍ഷവും തുടരും.
സമൃദ്ധമായ ഉള്‍നാടന്‍ ജലസ്രോതസുകളുള്ള കോര്‍പറേഷനില്‍ താമര കൃഷിക്ക് വലിയ സാധ്യതകളുണ്ട്. ഉപേക്ഷിക്കപ്പെട്ട കളിമണ്‍ ഖനന മേഖലകളിലും ടാങ്കുകള്‍, കുളങ്ങള്‍, പ്രദേശത്തെ വെള്ളം കെട്ടിനില്‍ക്കുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ ലോട്ടസ് ഫാമുകള്‍ വികസിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.
സ്വന്തം ലേഖകന്‍