കൗമാര തിമര്‍പ്പ്... ദാ ഇന്നുകൂടി
1481364
Saturday, November 23, 2024 5:39 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കലാ കൗമാരം ആടിത്തിമര്‍ത്ത രാപ്പകലുകള്‍ക്കൊടുവില്‍ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കലാശക്കൊട്ട്. കിരീടത്തിനായുള്ള പോരാട്ട ആവേശം വേദികളിലും പ്രകടമായ നാലാം ദിനത്തില്‍ കഴിഞ്ഞ ദിവസത്തെ "നേരംവൈകല്‍ കലാപരിപാടികള്‍ക്കും' ഒരു പരിധിവരെ ശമനമുണ്ടായി.
മത്സരാര്‍ഥികള്‍ സമയത്തെത്തിയില്ലെങ്കില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന മുന്നറിയിപ്പ് മൈക്കുകളിലൂടെ എത്തിയതോടെ ഒരുവിധം മത്സരസമയം ക്രമീകരിക്കാനായി. ഒപ്പം സംഘാടകരും അവസരത്തിനൊത്ത് ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വട്ടപ്പാട്ടും ഒപ്പനയും അര്‍ധരാത്രി വരെ നീണ്ടതായിരുന്നു സമയക്രമം കര്‍ശനമായി പാലിക്കാന്‍ സംഘാടകരെ നിര്‍ബന്ധിതരാക്കിയത്. ഇന്നലെ പ്രധാന വേദികളില്‍ നടന്ന സംഘനൃത്തത്തിനും മോഹിനിയാട്ടത്തിനും ചാക്യാര്‍കൂത്തിനും നാടോടി നൃത്തത്തിനും കാണികള്‍ ഏറെയുണ്ടായിരുന്നു.
പൂരക്കളിയും മിമിക്രിയും ചവിട്ടുനാടകവും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. അവസാനദിനമായ ഇന്ന് അറബനമുട്ട്, നാടകം, ഭരതനാട്യം, കഥകളി, പരിചമുട്ട് എന്നിവ അരങ്ങേറും. ആദ്യദിനം മുതല്‍ മുന്നേറുന്ന കോഴിക്കോട് സിറ്റി തന്നെയാണ് ഇന്നലെയും മികച്ച പ്രകടനവുമായി വിജയയാത്ര തുടർന്നത്.
സ്കൂളുകളില്‍ സില്‍വര്‍ ഹില്‍സും കരുത്തു കാണിക്കുന്നു. പതിവുപോലെ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വേദിയും ബിഇഎം സ്കൂളിലെ രണ്ടാം വേദിയും ഇന്നലെയും കാണികളെകൊണ്ടു നിറഞ്ഞു. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും വ്യത്യസ്തമായി നാടക വേദിയും സജീവമായി.