ജോറാണേ...
1481141
Friday, November 22, 2024 6:38 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: മത്സരങ്ങള്‍ തുടങ്ങാന്‍ അല്പം വൈകിയെങ്കിലെന്താ... മൂന്നാം ദിനവും കലോത്സവ വേദികള്‍ ജോര് തന്നെ. ഒഴുകിയെത്തിയ കാണികള്‍ക്ക് മുന്നില്‍ സംഘനൃത്തവും മലബാറിന്റെ സ്വന്തം ഒപ്പനയും കഥകളിയുമെല്ലാം ഓളം തീര്‍ത്തു. സംഘനൃത്തം തീരാന്‍ വൈകിയതോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മത്സരം ഒന്നാം വേദിയായ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബിഇഎം സ്കൂളിലേക്ക് മാറ്റിയത് മത്സരാര്‍ഥികള്‍ക്ക് കല്ലുകടിയായി.
വേഷവിധാനങ്ങളിട്ട് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ബിഇഎം സ്കൂളിലേക്ക് എത്താന്‍ പലരും പാടുപെട്ടു. രാത്രി ഏഴിന് തുടങ്ങിയ ഒപ്പന മത്സരങ്ങള്‍ അര്‍ധരാത്രി വരെ നീണ്ടുനിന്നു. അപ്രതീക്ഷിത അതിഥിയായി എത്തിയ ഒപ്പന ഇശലുകള്‍ മാനാഞ്ചിറയെയും പരിസരത്തെയും രാത്രി വൈകിയും പുളകിതമാക്കി.
ചൂടില്‍ വേദിക്ക് പുറത്ത് ചുക്കുകാപ്പിയുമായി പോലീസും കുടിവെള്ളവുമായി ഫയര്‍ഫോഴ്സും രക്ഷകരായി എത്തി. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകുന്നത് പരിശോധിച്ച് ഇടപെടല്‍ നടത്തുമെന്ന് സംഘാടകള്‍ അറിയിച്ചു. നാലാം ദിനമായ ഇന്നും ജനപ്രിയ ഇനങ്ങളാണ് കലോത്സവവേദികളില്‍ നിറയുക. നാടക മത്സരങ്ങള്‍ സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുന്നത്. ഇന്നലെ രാവിലെ ഹെസ്കൂള് വിഭാഗം നാടകം വൈകിയാണ് ആരംഭിച്ചത്. ഉച്ചവരെ ഒരു നാടകം മാത്രമാണ് അരങ്ങേറിയത്. ഇത് കാണികളില്‍ മുഷിപ്പുണ്ടാക്കി.