ലൈസന്‍സില്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്ക്കെതിരേ പരിശോധന ശക്തമാക്കുന്നു
1481139
Friday, November 22, 2024 6:38 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനാണ് പരിശോധന. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെട്രോ ബേക്കറി സ്ഥാപനത്തിന് ആര്‍ഡിഒ കോടതി ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഹോട്ടലുകള്‍ മാത്രമല്ല ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും അവ സംഭരിച്ച് വിതരണം നടത്തുന്ന സ്ഥാപനങ്ങളും പഴം,പച്ചക്കറി,മത്സ്യം,മാംസം മുതലായ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും ലൈസന്‍സ് കരസ്ഥമാക്കേണ്ടതാണ്. ഉന്തുവണ്ടികള്‍,തട്ടുകടകള്‍, തെരുവ് കച്ചവടം എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
ഭക്ഷ്യസുരക്ഷ ലൈസന്‍സോ രജിസ്ട്രേഷന് ഇല്ലാതെ യാതൊരു ഭക്ഷ്യവസ്തുവും വില്‍ക്കുന്നതിന് നിയമം അനുവദിക്കുന്നില്ല.ഓണ്‍ലൈന്‍വഴിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. പ്രതിദിനം 3500 രൂപവരെ വ്യാപാരം നടത്തുന്ന സ്ഥാനപനങ്ങള്‍ രജിസ്ട്രേഷന് എടുക്കണം. അതില്കൂടുതല് കച്ചവടമുള്ളവ ലൈസന്‍സ് എടുക്കണം. നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹോട്ടലുകളിലും കൂള്‍ബാറുകളിലും വൃത്തിയുള്ള അന്തരീക്ഷം വേണം.ശുദ്ധമായ വെള്ളവും ഐസുമാണ് ഉപയോഗിക്കേണ്ടത്.