ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നു മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
1481137
Friday, November 22, 2024 6:38 AM IST
കോഴിക്കോട്: കോഴിക്കോട് വീണ്ടും പോലീസിന്റെ ലഹരി വേട്ട. ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് മയക്കുമരുന്നുകളുമായി രണ്ടു യുവാക്കളെ നല്ലളം പോലീസ് പിടികൂടി.
നല്ലളം സ്വദേശികളായ അരീക്കാട് അല്‍വ വീട്ടില്‍ മുഹമ്മദ് സഫ്വാന് (26), ചൊപ്പാംകണ്ടി വീട്ടില്‍ ഷര്‍ഷാദ് (26) എന്നിവരെയാണ് 2.373 കിലോഗ്രാം കഞ്ചാവ്, 3.77 ഗ്രാം എംഡിഎംഎ എന്നിവയുമാതി പിടികൂടിയത്. നല്ലളം മോഡേണ്‍ ബസാര്‍ വി.കെ.സി ബസ് സ്റ്റോപ്പിനു പുറകുവശത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ലഹരി വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് ഡാന്‍സാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും നല്ലളം പോലീസും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിന് മാര്‍ക്കറ്റില്‍ രണ്ടു ലക്ഷത്തില്‍പരം വിലവരും. പ്രതികള്‍ക്കെതിരേ നല്ലളം, വെള്ളയില്‍, മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയ, കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിലേക്ക് നാട്ടുകാര്‍ പോകാന്‍ ഭയപ്പെട്ടിരുന്നു. അത്തരത്തില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തേക്ക് പോലീസ് സാഹസികമായി കടന്നുചെന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞമാസം നല്ലളം സ്റ്റേഷന് പരിധിയില്‍ വാണിജ്യ അളവില്‍ എംഡിഎംഎ കൈവശം വച്ചതിന് മൂന്നു പേരെ ഡാന്‍സാഫും നല്ലളം പോലീസും പിടികൂടിയിരുന്നു.
പ്രതികള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തിലെ ബാക്കിയുള്ളവരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡാന്‍സാഫ് എസ്ഐ മനോജ് ഇടയേടത്ത്, കെ. അഖിലേഷ്, സുനോജ്, എം. ഷിനോജ്, എം.കെ. ലതീഷ്, സരുണ്‍കുമാര്‍, ഇ.വി. അതുല്‍, പി. അഭിജിത്ത്, പി.കെ. ദിനീഷ്, മുഹമ്മദ് മഷ്ഹൂര്‍, നല്ലളം പോലീസ് സ്റ്റേഷന് എസ്ഐ പ്രദീപ്, കെ.കെ. രതീഷ്, സിപിഒ മാരായ രജിന്, രജീഷ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.