കുങ്കുമപ്പൂ കൃഷിയുമായി യുവ എൻജിനിയർ
1481135
Friday, November 22, 2024 6:38 AM IST
സുൽത്താൻ ബത്തേരി: കാഷ്മീരിലെ പ്രത്യേക കാലാവസ്ഥയിൽ വിളയുന്ന കുങ്കുമപ്പൂ വയനാട്ടിലും കൃഷി ചെയ്ത് യുവ എൻജിനിയർ.
നെൻമേനി മലവയലിലെ പദ്യാന ശേഷാദ്രിയാണ് എയ്റോപോണിക്സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുങ്കുമപ്പൂ കൃഷി ചെയ്യുന്നത്. മണ്ണും വെള്ളവും വേണ്ടാത്ത ഈ സാങ്കേതികവിദ്യയിലൂടെ കാഷ്മീരിലെ കാലാവസ്ഥ കൃത്രിമമായി സൃഷ്ടിച്ചാണ് കൃഷി. എടക്കൽ ഗുഹയുടെ താഴ്വാരത്ത് മലവയലിൽ സഹോദരി കാഞ്ചനയുടെ വീടിനു മുകളിലാണ് കുങ്കുമപ്പൂ കൃഷിക്ക് സൗകര്യം ഒരുക്കിയത്. കാഴ്ചയിൽ വെളുത്തുള്ളിയെന്ന് തോന്നിപ്പിക്കുന്നതാണ് കുങ്കുമപ്പൂവിന്റെ വിത്ത്. സാഫ്രണ് കോർമ്സ് എന്നറിയപ്പെടുന്ന ഇത് കിലോഗ്രാമിന് ആയിരം രൂപ നിരക്കിലാണ് കാഷ്മീരിലെ കർഷകരിൽനിന്നു വാങ്ങിയത്. 225 ചതുരശ്ര അടി വിസ്തീർണത്തിൽ പഫ് പാനൽ ഉപയോഗിച്ചാണ് വീടിന്റെ മേൽക്കൂരയിൽ "കൃഷിയിടം’ സജ്ജീകരിച്ചത്.
ഇതിൽ പല തട്ടുകളിൽ ട്രേകളിൽ കുങ്കുമപ്പൂവിത്ത് പാകി വെർട്ടിക്കൽ ഫാർമിംഗാണ് നടത്തുന്നത്. ഗ്രോ ലൈറ്റുകളാണ് പ്രകാശത്തിന് ഉപയോഗിക്കുന്നത്. ഈർപ്പം കൂട്ടാനും കുറയ്ക്കാനും യന്ത്രങ്ങളുണ്ട്. കുങ്കമച്ചെടിയുടെ പ്രധാനഭാഗം ജനിദണ്ഡാണ്. ഇതാണ് പുഷ്പ്പിച്ച് പാകമാകുന്നതോടെ പറിച്ച് ഉണക്കി കുങ്കമമായി ഉപയോഗിക്കുന്നത്. ഡ്രയറും ശേഷാദ്രിയുടെ പക്കൽ ഉണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് കുങ്കുമപ്പൂ കൃഷിക്കാലം. ഉണക്കിയെടുക്കുന്ന ജനിദണ്ഡിന് കിലോഗ്രാമിന് ഒരു ലക്ഷം രൂപയ്ക്കടുത്ത് വിലയുണ്ട്.
വിരിഞ്ഞുനിൽക്കുന്ന കുങ്കുമപ്പൂവിന് വയലറ്റ് നിറമാണ്. അഞ്ച് സെന്റീമീറ്റർ വരെയാണ് ചെടിയുടെ ഉയരം. ഒരു ചെടിയിൽ മൂന്ന് ജനിദണ്ഡാണ് നൂൽ വണ്ണത്തിലുണ്ടാവുക. 150 പൂക്കൾ വിളവെടുത്താലാണ് ഒരു ഗ്രാം കുങ്കുമപ്പൂ ലഭിക്കുക. കിറ്റ്കോയിയിൽ സിവിൽ എൻജിനിയറായി ജോലി ചെയ്യുന്നതിനിടയിലാണ് ശേഷാദ്രി കുങ്കുമപ്പൂ കൃഷിയെ കുറിച്ച് അറിയുന്നത്. പിന്നീട് പൂനയിൽ പോയപ്പോൾ കൃഷിരീതി നേരിൽക്കണ്ട് പഠിക്കാൻ അവസരം ഉണ്ടായി. ഇതോടെ സ്വന്തമായി നാട്ടിലും കുങ്കുമപ്പൂ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.