വൈദ്യുതി ബില്ലടക്കാന്‍ അറിയിച്ച ഉദ്യോഗസ്ഥനെ മര്‍ദിച്ചു
1481134
Friday, November 22, 2024 6:38 AM IST
ഉപഭോക്താവ് കത്തിയുമായി ഓഫീസിലെത്തി
വണ്ടൂര്‍: വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസിലെ ത്തി മര്‍ദിച്ചു. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്മാന് കാപ്പില്‍ സി. സുനില്‍ ബാബുവിനാണ് (39) മര്‍ദനമേറ്റത്.
ഇദ്ദേഹത്തെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് പള്ളിക്കുന്ന് തച്ചുപറമ്പന്‍ സക്കറിയ സാദിഖിനെ (48) പോലീസ് കസ്റ്റഡിയിലെടുത്തു.
തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്.പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്ന് പിടിച്ചുതള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. തടയാനെത്തിയ മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഓഫീസിലെ ബെഞ്ചിന്റെ അരികിലൂടെ ഉദ്യോഗസ്ഥര്‍ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സുനില്‍ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദനമേറ്റു.