അടുപ്പിൽ ഉന്നതി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: ജില്ലാ കളക്ടർ
1458809
Friday, October 4, 2024 4:33 AM IST
കോഴിക്കോട്: വാണിമേൽ പഞ്ചായത്ത് അടുപ്പിൽ ആദിവാസി ഉന്നതി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.
ജലസംഭരണി പ്രളയ ഭീഷണി നേരിടുന്ന നിലവിലെ സ്ഥലത്തുനിന്നും സുരക്ഷിതമായ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് മൂന്നുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ജില്ല കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ വഴി വാണിമേൽ പഞ്ചായത്ത് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ജലസംഭരണി നിർമിക്കാനായി 74 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ജലസംഭരണി സുരക്ഷിതമായ ഇടത്തേക്ക് മാറ്റി സ്ഥാപിക്കാൻ അധികമായി വരുന്ന ഒമ്പത് ലക്ഷം രൂപയുടെ പ്രവർത്തനാനുമതി യോഗത്തിൽ നൽകി.
65 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഇവരെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും ഭീഷണിയുള്ള സ്ഥലത്തു നിന്ന് പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
38 കുടുംബങ്ങളെ ഇതിനോടകം മാറ്റി പാർപ്പിക്കാനായി. ബാക്കിയുള്ള കുടുംബങ്ങളുടെ പുനരധിവാസം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനടുത്തായാണ് ജലസംഭരണി നിർമിക്കുക.
യോഗത്തിൽ വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, സബ് കളക്ടർ ഹർഷിൽ ആർ. മീണ, അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ, ദുരന്ത വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, പട്ടികവർഗ വകുപ്പ് ജില്ലാ ഓഫീസർ നിസാറുദ്ദീൻ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.