അഴിമതി നിയമനം: യൂത്ത് കോൺഗ്രസ് ചേവായൂർ സഹകരണ ബാങ്ക് ഉപരോധിച്ചു
1454619
Friday, September 20, 2024 4:29 AM IST
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിൽ നടത്തുന്ന അഴിമതി നിയമനങ്ങൾക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫിസ് ഉപരോധിച്ചു. ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി സ്വന്തക്കാർക്കും ബന്ധുക്കൾക്കും ജോലി നൽകുന്നതിലും കോഴവാങ്ങി നിയമനങ്ങൾ നടത്തുന്നതിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.
നിലവിലുള്ള ഒഴിവുകളിലേക്ക് മുൻപ് നടത്തിയ പരീക്ഷയുടെ മാർക്ക് മാനദണ്ഡം അട്ടിമറിച്ച് സ്വന്തക്കാരെ നിയമിക്കാൻ സുതാര്യത ഇല്ലാതെ ഇന്റർവ്യു നടത്തുന്നത് അറിഞ്ഞാണ് യൂത്ത് കോൺഗ്രസ് സമരത്തിന് എത്തിയത്.
എൻഎസ് യു ദേശീയ ജന. സെക്രട്ടറി കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു.