സൗജന്യമായി പാലിന്റെ ഗുണനിലവാരം പരിശോധിക്കാം
1452459
Wednesday, September 11, 2024 5:09 AM IST
കോഴിക്കോട്: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാന്പിളുകൾ പരിശോധിച്ച് ഗുണ നിലവാരം ബോധ്യപ്പെടുന്നതിനും സൗജന്യമായി പാൽ പരിശോധിക്കാൻ യൂണിറ്റ് സജ്ജമാക്കി ക്ഷീരവികസന വകുപ്പ്.
കോഴിക്കോട് സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ 10 മുതൽ 14 വരെയാണ് പരിശോധന. പരിശോധന ക്യാംപ്, ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് നിർവഹിച്ചു.
ഓണക്കാലത്ത് പാൽ വില്പന വർധിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാൽ എത്തുന്നുണ്ട്. വിപണിയിൽ നിന്ന് ശേഖരിക്കുന്ന സാന്പിളുകൾക്ക് പുറമെയാണ് പൊതുജനങ്ങൾ എത്തിക്കുന്ന പാൽ ലാബിൽ സൗജന്യമായി പരിശോധിച്ചു ഫലം നൽകുന്നത്.
ഗുണനിലവാര പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി പാൽ സാന്പിൾ എങ്കിലും കൊണ്ടുവരണം. പാക്കറ്റ് പാൽ ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. മായം ചേർന്ന പാൽ കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗമാണ്. ഫോണ്: 0495-2371254.