പി.വി. അൻവറിന്റെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കാൻ ഉത്തരവ്
1444499
Tuesday, August 13, 2024 4:28 AM IST
കോഴിക്കോട്: കാട്ടരുവിയുടെ ഒഴുക്കു തടസപ്പെടുത്തി കോഴിക്കോട് കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎയുടെ അധീനതയിലുള്ള ഭൂമിയിൽ അനധികൃത നിർമിതികൾ നടത്തിയെന്ന പരാതിയിൽ കളക്ടറുടെ ഇടപെടൽ. അനധികൃത നിർമിതികൾ പൊളിച്ചുനീക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.
രണ്ടു തവണയായി നടത്തിയ തെളിവെടുപ്പിനു ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീർച്ചാലുകൾക്കു കുറുകെ നിർമാണ പ്രവർത്തികൾ നടത്തി കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിനു തടസമുണ്ടാക്കിയെന്നാണ് പരാതി. കാലവർഷത്തിൽ ഇതു ദുരന്തത്തിനു വഴിവെക്കുമെന്നു കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്.
ഒരുമാസത്തിനകം നിർമാണങ്ങൾ പൊളിച്ചുനീക്കി പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് നിർദേശം. ഉടമസ്ഥർ പൊളിച്ചുനീക്കിയില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ചു നീക്കണമെന്നും അതിന്റെ ചെലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്. അരുവിയുടെ ഒഴുക്കു തടഞ്ഞുനിർമിച്ച തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പൊളിച്ചു നീക്കലിന്റെ മറവിൽ അരുവി തന്നെ നികത്തിയെന്നു കാണിച്ച് ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കളക്ടർ ബന്ധപ്പെട്ട കക്ഷികളിൽ നിന്നു തെളിവെടുപ്പ് നടത്തി നടപടിയെടുക്കാനായിരുന്നു കോടതി നിർദേശം. രണ്ടു തവണ തെളിവെടുപ്പു നടത്തിയെങ്കിലും റിസോർട്ട് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. അനുമതിയില്ലാതെയാണ് നിർമ്മാണ പ്രവർത്തികളെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് 2023ലെ കേരള ജലസേചന നിയമ പ്രകാരമാണ് പൊളിച്ചു നീക്കാനുള്ള ഉത്തരവ്.