പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ്യു ഉപവാസസമരം നടത്തി
1429637
Sunday, June 16, 2024 5:49 AM IST
കോഴിക്കോട് : വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നിലപാടുമായ് മുന്നോട്ട് പോവുന്ന സര്‍ക്കാര്‍ അധിക ബാച്ച് അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് എ.പി. അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.
അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക, വിദ്യാഭ്യാസ മേഖലയിലയോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്യു ഉപവാസസമരം നടത്തി.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിക്കാതെ എല്ലാ വര്‍ഷവും നിശ്ചിത ശതമാനം സീറ്റ് വര്‍ധനവ് വരുത്തി കണ്ണില്‍ പൊടിയിടാന്‍ ആണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നതെന്ന് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
ഹയര്‍ സെക്കണ്ടറി സ്പെഷ്യല്‍ റൂള്‍ പ്രകാരം 50 കുട്ടികളില്‍ ഒരു ക്ലാസ് ചുരുങ്ങണം എന്ന് നിഷ്കര്‍ഷിക്കുമ്പോള്‍ ഒരു ക്ലാസില്‍ 60 മുതല്‍ 70 വരെ വിദ്യാര്‍ഥികള്‍ ഉണ്ടാവുന്ന സാഹചര്യം പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കാര്ത്തികേയന് നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ നിന്നും പുറത്ത് എടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പിണറായി സര്‍ക്കാര്‍ എട്ട് വര്‍ഷമായി ഭരണത്തില്‍ ഇരുന്നിട്ടും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ മറ്റു വകുപ്പുകള്‍ പോലെ വിദ്യാഭ്യാസ വകുപ്പും അധഃപതിക്കുമ്പോള്‍ കെഎസ്യു നോക്കി നില്ക്കാന് തയ്യാറാവില്ലന്നും, ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പരാജയപ്പെടുത്തുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി. സുരജ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം എന്‍എസ് യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. അതേ സമയം വിഷയത്തില്‍ കെഎസ് യു പ്രതിഷേധം ശക്തമാക്കി. ജൂണ്‍ 18 മുതല്‍ 24 വരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.