കാത്തിരിപ്പിന് അറുതി; ചെറുവാടി സിഎച്ച്സിയിൽ പുതിയ കെട്ടിടം യാഥാർഥ്യമാകുന്നു
1394432
Wednesday, February 21, 2024 4:45 AM IST
മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കമായി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച 1.82കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. പഴയ കെട്ടിടങ്ങളിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ സമഗ്ര വികസനത്തിന് എൻഐടിയുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു.
കിടത്തിച്ചികിത്സ അടക്കം ആധുനിക സൗകര്യങ്ങൾ എല്ലാം അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ. ഒപി ചികിത്സക്കടക്കമുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തുന്നത്. കൊടിയത്തൂരും സമീപ പഞ്ചായത്തുകളിലും കിടത്തി ചികിത്സയടക്കം ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ ഇല്ല.
ഈ ആവശ്യം പരിഗണിച്ചാണ് ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയതും സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. മന്ത്രി വീണാ ജോർജ് ഓൺലൈനായി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.
എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കെ. മൈമുന, ഷിയോ ലാൽ, എം.കെ. നദീറ, ഫസൽ കൊടിയത്തൂർ, അഡ്വ. കെ.പി. സുഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്, മറിയംകുട്ടി ഹസൻ, ആയിഷ ചേലപ്പുറത്ത്, ഡോ. സി.കെ. ഷാജി, ഡോ. എ.കെ. കസ്തൂർബ, ഡോ. എൻ. മനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.