2023ലെ വയോജന അവാർഡ് കോഴിക്കോട് കോർപറേഷന്
1338358
Tuesday, September 26, 2023 12:32 AM IST
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ 2023ലെ വയോജന അവാർഡ് കോഴിക്കോട് കോർപറേഷന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മികച്ച രീതിയിൽ വയോജന സേവന പ്രവർത്തനങ്ങൾ നടത്തിയതിനാണ് അംഗീകാരം. ഇതിനകം തന്നെ വയോജന സൗഹൃദ നഗരമായി കോർപറേഷൻ കൗണ്സിൽ പ്രഖ്യാപിച്ച നഗരസഭയാണ് കോഴിക്കോട്. ഇതിന്റെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി നടത്തിയ പ്രവർത്തനങ്ങളാണ് നഗരസഭയെ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്.
നഗരത്തിലെ ഇരുപത് ശതമാനം വരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനായി വയോജന അയൽക്കൂട്ടങ്ങൾ, വയോജന ക്ലബ്ബുകൾ, പകൽ വീട്, തണലിടം, വയോമിത്രം പദ്ധതി, വയോജനങ്ങൾക്ക് കട്ടിൽ, നോളജ് ആന്റ് സ്കിൽ ബാങ്ക്, വയോജനങ്ങൾക്കായി പൊതുസ്ഥലത്ത് ഇരിപ്പിടം, വയോജന കലോത്സവം, പരിശീലനങ്ങൾ എന്നിവ ചിട്ടയായി ഇക്കഴിഞ്ഞ വർഷങ്ങളിൽ കോഴിക്കോട് കോർപറേഷൻ നടപ്പാക്കിയിരുന്നു.
നഗരസഭയുടെ ഉടമസ്ഥതയിൽ നാല് പകൽ വീടുകളും സന്നദ്ധ സംഘടനകളുടെ മേൽനോട്ടത്തിൽ മൂന്നു പകൽ വീടുകളും നഗരസഭ പരിപാലിച്ചു വരുന്നുണ്ട്. വയോജനങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുകയും കേൾവി സഹായികൾ വിതരണം ചെയ്യുകയും ചെയ്തു. വയോമിത്രം ക്യാന്പിലൂടെ ആരോഗ്യ പരിശോധനയും അവശ്യ മരുന്നുകളുടെ വിതരണവും നടത്തി വരുന്നുണ്ട്. 47 ക്യാന്പുകളിലൂടെ 8449 ഗുണഭോക്താക്കൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് നഗരസഭയിലെ 64934 ഗുണഭോക്താക്കൾക്ക് വാർധക്യ കാല പെൻഷൻ നൽകി വരുന്നുണ്ട്. പെയിൻ ആന്റ് പാലിയേറ്റീവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 996 ഗുണഭോക്താക്കൾക്ക് നഗരസഭ സേവനം നൽകി വരുന്നുണ്ട്. അഗതി ആശ്രയ പദ്ധതിയിലെ 565 മുതിർന്ന പൗരന്മാർക്കും അതിദരിദ്ര പദ്ധതിയിൽ ഉൾപ്പെട്ട മുതിർന്ന പൗരന്മാർക്കും വാതിൽപ്പടി സേവനത്തിലൂടെ പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യധാന്യങ്ങളും എത്തിക്കുന്നതിനും നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്.